തോട്ടപ്പള്ളി: മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം നടത്തി

ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയുടെ വടക്കുഭാഗത്ത് നിന്ന് ഡ്രെഡ്ജ് ചെയ്ത ചെളി കലര്‍ന്ന മണ്ണ് നീക്കം ചെയ്യാന്‍ തീരുമാനമായി. മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ സാന്നിദ്ധ്യത്തില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. നീക്കം ചെയ്യുന്ന ചെളി പുറക്കാട് പഞ്ചായത്തില്‍ ഫിഷറീസ് വകുപ്പ് ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുന്ന ഗ്രൗണ്ടില്‍ നിക്ഷേപിക്കാനും തീരുമാനമായി. തോട്ടപ്പള്ളി സ്പില്‍വേ മുതല്‍ പൊഴി വരെയുള്ള ഭാഗം ആഴം കൂട്ടി മണ്ണ് നീക്കം ചെയ്യാന്‍ കരാര്‍ ലഭിച്ച കേരള മിനറല്‍സ് & മെറ്റല്‍സ് ലിമിറ്റഡിനാണ് ചെളി നീക്കാനുമുള്ള ചുമതല.

പൊഴിയില്‍ നിന്ന് ഡ്രെഡ്ജ് ചെയ്‌തെടുക്കുന്ന മണ്ണില്‍ ധാതുമണല്‍ വേര്‍തിരിച്ച് ലഭിക്കുന്ന ബാക്കി മണ്ണ് കെഎംഎം എല്ലിന്റെ യാര്‍ഡില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ മണ്ണ് ചെല്ലാനത്ത് ജിയോ ട്യൂബില്‍ നിറച്ച്, കടല്‍ഭിത്തി നിര്‍മാണത്തിന് ഉപയോഗിക്കാനായി നല്‍കാമെന്ന് യോഗത്തില്‍ തീരുമാനിച്ചു. ഭാവിയില്‍ ജില്ലയില്‍ ജിയോ ട്യൂബ് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മിക്കുന്ന അവസരത്തിലും ഈ മണ്ണ് ഉപയോഗിക്കാവുന്നതാണ്. 

പൊഴിമുഖത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നീരൊഴുക്കിന് തടസ്സമായി നിന്ന കാറ്റാടി മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. ഈ തടി  നീക്കംചെയ്യാന്‍ സോഷ്യല്‍ ഫോറസ്ട്രി, ഐആര്‍ഇഎല്‍, ഇറിഗേഷന്‍ വകുപ്പുകളെ ഏല്‍പ്പിച്ചു. കുട്ടനാട്ടിലെ പ്രളയത്തിന്റെ തോത് ഒരു പരിധിവരെ കുറയ്ക്കാന്‍ ആയാണ് തോട്ടപ്പള്ളി സ്പില്‍വേ മുതല്‍ വീയപുരം വരെയുള്ള 11 കിലോമീറ്റര്‍ ഭാഗവും, സ്പില്‍വേ മുതല്‍ പൊഴി വരെയുമുള്ള ഭാഗം ആഴം കൂട്ടുന്നത്.

ജില്ല പോലീസ് മേധാവിയുടെ ചുമതലയുള്ള എ. യു. സുനില്‍കുമാര്‍, കെ.എം.എം.എല്‍. എം.ഡി. ജെ. ചന്ദ്രബോസ്, കെ.എം.എം.എല്‍. ജനറല്‍ മാനേജര്‍ വി. അജയ കൃഷ്ണന്‍, ഐ.ആര്‍.ഇ.എല്‍. ജനറല്‍ മാനേജര്‍ ആര്‍. വി. വിശ്വനാഥ്, എ.ഡി.എമ്മിന്റെ ചാര്‍ജുള്ള ജെ. മോബി, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അരുണ്‍ കെ. ജേക്കബ്,ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4770/Newstitleeng.html



Share
അഭിപ്രായം എഴുതാം