പത്തനംതിട്ട: ഏയ്ഞ്ചല്‍വാലി, അറയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി എന്നീ മൂന്ന് കോസ്‌വേകള്‍ക്ക് പകരം പുതിയ പാലങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. പാലങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ സര്‍വേ നടപടികളാണ് ആരംഭിച്ചത്. കഴിഞ്ഞ ആഴ്ച ഏയ്ഞ്ചല്‍വാലി കോസ്‌വേയ്ക്ക് പകരം പാലം പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. അറയാഞ്ഞിലിമണ്‍ പാലത്തിന്റെ സര്‍വേ നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. വെള്ളിയാഴ്ച കുരുമ്പന്‍ മൂഴിയില്‍ പുതിയ പാലം നിര്‍മിക്കുന്ന സ്ഥലത്തെ സര്‍വേ നടപടികള്‍ ആരംഭിക്കും. സര്‍വേയുടെ അടിസ്ഥാനത്തിലാണ് പാലം എവിടെ നിര്‍മിക്കണം എന്ന് തീരുമാനിക്കുന്നത്. തുടര്‍ന്നാണ് പാലത്തിനായി ഇന്‍വെസ്റ്റിഗേഷന്‍ തയാറാക്കി ബ്രിഡ്ജസ് ചീഫ് എന്‍ജിനീയര്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്.
നേരത്തെ മാടമണ്‍, കിസുമം, മണിയാര്‍ പാലങ്ങളുടെ സര്‍വേയും ഇന്‍വെസ്റ്റിഗേഷന്‍ നടപടികളും പൂര്‍ത്തീകരിച്ചിരുന്നു. മണിയാര്‍, മാടമണ്‍ എന്നിവിടങ്ങളിലെ പാലം നിര്‍മാണം മുഖ്യമന്ത്രി പിണറായി വിജയന്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിസുമം പാലം ബജറ്റ് വിഹിതത്തില്‍ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.
2018ലെ പ്രളയത്തില്‍ മൂന്നു വശവും വനവും ഒരുവശം പമ്പാ നദിയാലും ചുറ്റപ്പെട്ട പ്രദേശങ്ങളായ അരയാഞ്ഞിലി മണ്ണ്, പമ്പാവാലി, കുരുമ്പന്‍മൂഴി, മേഖലകള്‍ ആഴ്ചകളോളം ഒറ്റപ്പെട്ടുപോയി. ഹെലികോപ്റ്ററിലാണ് അന്ന് ഇവിടത്തുകാര്‍ക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ചു നല്‍കിയത്. അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയില്‍ പോകാന്‍ പോലും ഇവിടുത്തുകാര്‍ വളരെയധികം ബുദ്ധിമുട്ടി. ഇവിടെ പാലങ്ങള്‍ നിര്‍മിക്കുക മാത്രമാണ് ഏക പോംവഴി എന്ന് പ്രദേശത്തെ ജനപ്രതിനിധികളും നേതാക്കളും രാജു ഏബ്രഹാം എംഎല്‍എയെ ധരിപ്പിച്ചു. എംഎല്‍എ ഇക്കാര്യം മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്നാണ് പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉത്തരവിട്ടത്. ഇതിനു ശേഷമാണ് പാലങ്ങളുടെ നിര്‍മാണത്തിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചത്. കിസുമം, കുരുമ്പന്‍മൂഴി, അറയാഞ്ഞിലിമണ്‍, ഏയ്ഞ്ചല്‍വാലി എന്നിവയുടെ നിര്‍മാണം മുഖ്യമന്ത്രിയുടെ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ടെക്ക് ഉദ്യോഗസ്ഥരായ അഭിജിത്ത്, അഖില്‍, ശ്രീക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വേ നടപടികള്‍ നടക്കുന്നത്. സര്‍വേ നടപടികള്‍ അറയാഞ്ഞിലി മണ്ണില്‍ രാജു എബ്രഹാം എംഎല്‍എ വിലയിരുത്തി. സി എസ് സുകുമാരന്‍, വി എന്‍ സുധാകരന്‍, ടി എന്‍ തോമസ്, രാജന്‍, വി ആര്‍ ശശികുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ബന്ധപ്പെട്ട രേഖ:https://keralanews.gov.in/4776/Newstitleeng.htm