കോട്ടയം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കമ്പിവടിക്ക് അടിച്ചുകൊന്നു; ആക്രമണത്തില്‍ ഭര്‍ത്താവിന് ഗുരുതര പരിക്ക്

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കമ്പിവടിക്ക് അടിച്ചുകൊന്നു. ആക്രമണത്തില്‍ ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇല്ലിക്കല്‍ പാറപ്പാടത്ത് വീട്ടില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടന്നത്. ആക്രമണത്തില്‍ വീട്ടമ്മയായ ഷീബ സാലിയാണ് മരിച്ചത്. ശരീരമാസകലം മര്‍ദനമേറ്റ ഭര്‍ത്താവ് അബ്ദുല്‍ സാലിയെ ഗുരുതരനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുമ്പുകമ്പികൊണ്ട് മര്‍ദിച്ചുകൊന്നശേഷം ഷീബ സാലിയുടെ കാലുകള്‍ ഇതേ ഇരുമ്പുകമ്പികൊണ്ട് കെട്ടിവച്ച നിലയിലായിരുന്നു.

വീട്ടിലെ ഫാനിന്റെ ഒരു ലീഫ് പൊട്ടി താഴെവീണ നിലയിലാണ്. അക്രമികള്‍ ടീപ്പോയി തകര്‍ത്തിട്ടുണ്ട്. ഗ്യാസ് ലീക്കായി കിടന്നു. വീടിന്റെ മുറ്റത്തുണ്ടായിരുന്ന കാറും മോഷണം പോയിട്ടുണ്ട്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന വിലയിരുത്തലാണ് പൊലീസ്. രണ്ടു യുവാക്കള്‍ വാടകയ്ക്ക് വീടന്വേഷിച്ച് ഇവരുടെ വീട്ടില്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇവരുടെ വീടിനടുത്തുള്ള ഒരു വീട് ഒഴിഞ്ഞുകിടക്കുന്നുണ്ട്. ആ വീട് വാടകയ്ക്ക് വാങ്ങാനെത്തിയ യുവാക്കള്‍ അക്രമംനടന്ന വീട്ടിലേക്കാണ് ആദ്യമെത്തിയത്. വീട്ടില്‍ ആളനക്കം ഇല്ലാത്തതും ഗ്യാസിന്റെ മണം പുറത്തേക്ക് വ്യാപിച്ചതും കണ്ട് ഇവര്‍ അഗ്നിശമന സേനയെ വിളിക്കുകയും അയല്‍വാസികളെ വിളിച്ചുകൂട്ടുകയും ചെയ്തു. അഗ്നിശമന സേനയെത്തിയാണ് വാതില്‍തുറന്നതും ലീക്കായ ഗ്യാസ് ഓഫ് ചെയ്തതും. അടുത്ത് വേറേയും വീടുകള്‍ ഉണ്ടെങ്കിലും ഇവര്‍ക്ക് അയല്‍ക്കാരുമായി കാര്യമായ അടുപ്പമുണ്ടായിരുന്നില്ല.

കൊലപാതകത്തിനു പിന്നില്‍ ആരാണെന്ന ഒരു സൂചനയും പൊലീസിനു ലഭിച്ചിട്ടില്ല. വീട്ടില്‍നിന്ന് എന്തൊക്കെ വസ്തുക്കള്‍ മോഷണം പോയിട്ടുണ്ടെന്നറിയില്ല. പണമോ സ്വര്‍ണ ഉരുപ്പടികളോ പോയിട്ടുണ്ടോയെന്നും അറിയില്ല. മോഷണംപോയ കാര്‍ കണ്ടുപിടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Share
അഭിപ്രായം എഴുതാം