പിതാവിന്റെ ആദ്യവിവാഹത്തിലെ മകനായ പത്താംക്ലാസുകാരന്റെ മരണം സംശയകരമെന്നു കാട്ടി പരാതി നല്‍കി

നാദാപുരം: പിതാവിന്റെ ആദ്യവിവാഹത്തിലെ മകനായ പത്താംക്ലാസുകാരന്റെ മരണം സംശയകരമെന്നു കാട്ടി പരാതി നല്‍കി. പേരോട് എംഐഎം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി നരിക്കാട്ടേരിയിലെ കട്ടാറത്ത് അസീസിന്റെ മരണത്തിലാണ് ദുരൂഹതയുള്ളതായി പരാതി നല്‍കിയത്. സംഭവദിവസം ഉച്ചയ്ക്ക് അടുത്ത വീട്ടില്‍നിന്ന് കളികഴിഞ്ഞുവന്ന കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പിതാവ് പറയുന്നത്. സമഗ്രമായ അന്വേഷണം വേണമെന്ന് നാദാപുരം നിയോജകമണ്ഡലം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി ഇ ഹാരിസ് ആവശ്യപ്പെട്ടു.

മരണത്തിനു തൊട്ടുമുമ്പ് വീട്ടില്‍ വഴക്കുണ്ടായെന്ന് അയല്‍വാസികള്‍ പറയുന്നു. കട്ടിലില്‍ തയ്യല്‍ മെഷീന്‍ കയറ്റിവച്ച് ടെറസിലെ ഹുക്കില്‍ തുണികെട്ടി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. 15കാരന്‍ തയ്യല്‍ മെഷീന്‍ എങ്ങനെ ഒറ്റയ്ക്ക് ഉയര്‍ത്തി കട്ടിലില്‍ വയ്ക്കുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. അസ്വാഭാവിക മരണത്തിന് നാദാപുരം പൊലീസ് കേസെടുത്തെങ്കിലും സംഭവം നടന്ന് 10 ദിവസം കഴിഞ്ഞിട്ടും വീട്ടുകാരെ ചോദ്യംചെയ്യാനോ നല്ല നിലയില്‍ അന്വേഷണം നടത്താനോ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Share
അഭിപ്രായം എഴുതാം