പൊന്നാനിയില്‍ കലുങ്കിനടിയില്‍ വടിവാള്‍ ശേഖരം കണ്ടെത്തി

പൊന്നാനി: പൊന്നാനിയില്‍ കലുങ്കിനടിയില്‍നിന്ന് വടിവാള്‍ ശേഖരം കണ്ടെത്തി. കോട്ടത്തറ കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിനു സമീപം തലപ്പില്‍ ഫുട്പാത്തിലെ കലുങ്കിനടിയില്‍നിന്നാണ് 14 വടിവാളുകള്‍ കണ്ടെത്തിയത്. രാവിലെ 10 മണിയോടെ കലുങ്ക് ശുചീകരിക്കാനെത്തിയ പൊന്നാനി നഗരസഭ തൊഴിലാളികളാണ് ചാക്കില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയില്‍ വടിവാളുകള്‍ കണ്ടെത്തിയത്. വാളുകള്‍ക്ക് രണ്ടുവര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്നു. തുരുമ്പെടുത്ത നിലയിലാണ്.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി വാളുകള്‍ കസ്റ്റഡിയിലെടുത്തു. സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് മനപ്പൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള സാമൂഹികവിരുദ്ധരുടെ ശ്രമമാണിതെന്ന് കൗണ്‍സിലര്‍ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വിഷയത്തില്‍ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി നേതാവ് സി എച്ച് വിജയതിലകന്‍ പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊന്നാനി പൊലീസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം