കാലടിയില്‍ സിനിമ സെറ്റ് തകര്‍ത്തതിനെതിരേ പ്രതിഷേധം ശക്തം

കൊച്ചി: കാലടിയില്‍ ടോവീനോ ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് ബജ്‌റംഗദള്‍ അക്രമികള്‍ തകര്‍ത്തതിനെതിരേ സിനിമാമേഖലയില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നു. മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനുവേണ്ടി നിര്‍മിച്ച പള്ളിയുടെ സെറ്റ് ക്ഷേത്രത്തിന്റെ പരിസരത്താണെന്ന കാരണം പറഞ്ഞ് ഒരു സംഘം ആളുകള്‍ തല്ലിത്തകര്‍ത്തതിരേയാണ് പ്രതിഷേധം. ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനുവേണ്ടി ആയിരുന്നു ഇവിടെ പള്ളിയുടെ സെറ്റ് ഇട്ടത്. മറ്റ് ഭാഗങ്ങള്‍ വയനാട്ടില്‍ ചിത്രീകരിച്ചുവരുകയായിരുന്നു. ഇതിനിടെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമയുടെ ഷൂട്ടിങ് മുടങ്ങി. ക്ലൈമാക്‌സിനുവേണ്ടി ഉണ്ടാക്കിയ സെറ്റ് അതേപടി നിലനിര്‍ത്തി. ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ അവിടെവച്ച് ചിത്രീകരിക്കാമെന്ന പ്രതീക്ഷയിലാണ് അതു നിലനിര്‍ത്തിയത്.

ഏറെ പണം ചിലവഴിച്ചാണ് പള്ളിയുടെ സെറ്റ് നിര്‍മിച്ചത്. ക്ഷേത്രത്തിന്റെ പരിസരത്താണ് ഇതു നിര്‍മിക്കപ്പെട്ടത് എന്ന കാരണമാണ് തകര്‍ത്തതിന്റെ ന്യായീകരണം. പല മതങ്ങളുടെ യഥാര്‍ഥ ആരാധനാലയങ്ങള്‍ തൊട്ടുരുമ്മി നില്‍ക്കുന്ന കാഴ്ച കേരളത്തില്‍ എവിടേയും സുലഭമാണ്. അതിനിടയില്‍ സിനിമയ്ക്കുവേണ്ടി ഉണ്ടാക്കിയ സെറ്റിന്റെ പേരില്‍ പ്രകടിപ്പിക്കുന്ന വികാരങ്ങള്‍ ദുരുദ്ദേശ്യപരം ആണെന്ന അഭിപ്രായമാണ് വിവിധ മേഖലകളില്‍ ശക്തിപ്പെടുന്നത്.

ടൊവീനോ തോമസ്: മിന്നല്‍ മുരളി ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ നടന്നുകൊണ്ടിരുന്നതിനൊപ്പമാണ് രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്സ് ഷൂട്ടിനുവേണ്ടി ആക്ഷന്‍ കോറിയോഗ്രാഫര്‍ വ്ലാഡ് റിംബര്‍ഗിന്റെ നിര്‍ദേശപ്രകാരം ആര്‍ട്ട് ഡയറക്ടര്‍ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിര്‍മാണം ആരംഭിച്ചത്. ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മിച്ച ഈ സെറ്റില്‍ ഷൂട്ടിങ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് നമ്മുടെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും ഞങ്ങളുടേതുള്‍പ്പെടെ എല്ലാ സിനിമകളുടെയും ഷൂട്ടിങ് നിര്‍ത്തിവച്ചതും.

വീണ്ടും എന്ന് ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിനുവേണ്ടി നിലനിര്‍ത്തിയിരുന്ന സെറ്റാണ് ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വര്‍ഗീയവാദികള്‍ തകര്‍ത്തത്. അതിനവര്‍ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷംവരെ ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായിട്ടുമില്ല. ഒരുപാട് വിഷമം ഉണ്ട്, അതിലേറെ ആശങ്കയും. അതുകൊണ്ടുതന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്.

ബി ഉണ്ണികൃഷ്ണന്‍: വാങ്ങിക്കേണ്ട മുഴുവന്‍ അനുമതികളും വാങ്ങി ലക്ഷക്കണക്കിന് രൂപ മുതല്‍മുടക്കി നിര്‍മിച്ച മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റാണ് സാമൂഹിക വിരുദ്ധര്‍തകര്‍ത്തത്. ബേസിലിനും, സോഫിയാ പോളിനും, മിന്നല്‍ മുരളി ടീമിനും ഐക്യദാര്‍ഢ്യം.

ആഷിഖ് അബു: സിനിമ സെറ്റ് കണ്ടാല്‍ ഹാലിളകുന്ന തീവ്രവാദികളെ തടയുകതന്നെ വേണം. മലയാളസിനിമ ഒറ്റക്കെട്ടായി ഈ ഭീകരപ്രവര്‍ത്തനത്തെ പ്രതിരോധിക്കും.

മധുപാല്‍: ഒരുകൂട്ടം കലാകാരന്മാരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനത്തെയാണ് നശിപ്പിച്ചത്. കലാപരമായ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാനാവാത്തവര്‍ക്കെതിരേ പ്രതികരിക്കേണ്ടത് ബോധമുള്ള മനുഷ്യരാണ്.

എം പത്മകുമാര്‍: മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്തവര്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കുന്നു. കക്ഷിഭേദമന്യേ എല്ലാ കലാസ്നേഹികളും ഇതിനെതിരേ പ്രതികരിക്കണം.

അരുണ്‍രാജ് മനോഹര്‍: ഈ വര്‍ഗീയവാദികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. മിന്നല്‍ മുരളി സിനിമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം

അരുണ്‍ ഗോപി: ഇത്രയേറെ വിഷചിന്തകളുമായി ഇന്നാട്ടിലും ആളുകള്‍ ജീവിക്കുന്നു എന്നറിയുന്നതു വേദനാജനകമാണ്. ഇതിന് പ്രതിഫലം വിയൂരോ പൂജപ്പുരയിലോ ലഭിക്കും.

മാലാ പാര്‍വതി: സിനിമ വ്യവസായംതന്നെ ആകെ പ്രശ്‌നത്തിലാണ്. സിനിമാ തിയേറ്ററുകള്‍ എന്നു തുറക്കുമെന്നറിയാതെ പ്രതിസന്ധിയിലും. രണ്ടുകൊല്ലത്തെ പ്ലാനിങുണ്ട് ഈ ടൊവീനോ ചിത്രത്തിന്. മിന്നല്‍ മുരളി എന്ന സിനിമയ്ക്കുവേണ്ടി നിര്‍മിച്ച പള്ളിയുടെ സെറ്റ്, അമ്പലത്തിന്റെ മുമ്പിലായതുകൊണ്ട് തല്ലി തകര്‍ക്കപ്പെട്ടു. അതിനെതിരേ നിയമനടപടിയുണ്ടാവണം. ഇതു ചെയ്തവരില്‍നിന്ന് നഷ്ടപരിഹാരം വാങ്ങി കൊടുപ്പിക്കണം. അവരെകൊണ്ട് പണിയിച്ചുകൊടുക്കാനും പറയണമെന്നുണ്ട്. പക്ഷേ, ഇവര്‍ക്ക് പണിതുണ്ടാക്കാന്‍ അറിയില്ലല്ലോ, തകര്‍ക്കാനല്ലേ അറിയൂ!

Share
അഭിപ്രായം എഴുതാം