നാലുകോടി കുടിയേറ്റ തൊഴിലാളികളില്‍ 75 ലക്ഷം പേര്‍ വീടുകളിലേക്കു മടങ്ങി

ന്യൂഡല്‍ഹി: നാലുകോടി കുടിയേറ്റ തൊഴിലാളികളില്‍ 75 ലക്ഷം പേര്‍ വീടുകളിലേക്കു മടങ്ങിയെന്ന് കേന്ദ്ര സര്‍ക്കാര്‍. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ട്രെയിനിലും ബസുകളിലുമായാണ് ഇത്രയും തൊഴിലാളികള്‍ സ്വന്തം വീടുകളിലേക്കു മടങ്ങിയത്. കഴിഞ്ഞ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് നാലുകോടി കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തുള്ളത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാന്‍ മേയ് ഒന്നുമുതല്‍ 2600ഓളം പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ ഏര്‍പ്പെടുത്തിയിരുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയ ജോയിന്റ് സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ പറഞ്ഞു. ‘ശ്രമിക്’ പ്രത്യേക ട്രെയിനുകള്‍ ഉപയോഗിച്ച് 35 ലക്ഷം പേര്‍ നാട്ടിലെത്തി. 40 ലക്ഷം പേര്‍ ബസുകളിലാണ് സ്വന്തം നാട്ടിലേക്കു പോയത്. മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് പാര്‍പ്പിടവും ഭക്ഷണവും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ പറഞ്ഞു. എന്നാല്‍, വാഹനങ്ങള്‍ ലഭ്യമാവാത്തതിനാല്‍ നടന്നുപോവുന്നവരെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പക്കലില്ല.

Share
അഭിപ്രായം എഴുതാം