ഉംപുന്‍ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത വേണം.

തിരുവനന്തപുരം: ഉംപുന്‍ സൂപ്പര്‍ ചുഴലിക്കാറ്റായി മാറുകയാണ്. മണിക്കൂറില്‍ 220 കിലോമീറ്ററില്‍ കൂടുതല്‍ വേഗംവരുന്ന ചുഴലിക്കാറ്റുകളെയാണ് സൂപ്പര്‍ സൈക്ലോണുകളെന്നു വിളിക്കുന്നത്. സൂപ്പര്‍ സൈക്ലോണായി മാറിയ ഉംപുന്‍ ഒഡീഷ തീരത്തിന് അടുത്തെത്തി. നാളെ ഉച്ചയോടെ ഉംപുന്‍ തീരം തൊടും. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 64.5 മുതല്‍ 115.5 മില്ലിമീര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പൊതുജനങ്ങളും അധികൃതരും സ്ഥിതിഗതികള്‍ ശ്രദ്ധയോടെ വീക്ഷിക്കുക എന്നതാണ് മഞ്ഞ അലര്‍ട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

കേരളതീരത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ല. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം. കാറ്റില്‍ മരങ്ങള്‍ കടപുഴകിവീണും പോസ്റ്റുകള്‍ തകര്‍ന്നുവീണും ഉണ്ടാവാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച, ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍, ഇടിമിന്നല്‍ സുരക്ഷാ മുന്‍കരുതലുകള്‍ തുടങ്ങിയവ https://bit.ly/2TwhaYT എന്ന ലിങ്കില്‍ ലഭ്യമാണ്.

Share
അഭിപ്രായം എഴുതാം