കോവിഡ് 19 സാമ്പത്തിക പ്രത്യാഘാതം: വിദഗ്ധ സമിതി പ്രവർത്തനം തുടങ്ങി.

തിരുവനന്തപുരം: കോവിഡ് 19 സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിച്ചുവെന്ന് വിശദമായി പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പ്രവർത്തനം ആരംഭിച്ചു. വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിൽ സാമ്പത്തികാഘാത സർവ്വേ നടത്തും. ഇതിനായി വിവിധ മേഖലകളിലെ സാമ്പത്തികാഘാതം സംബന്ധിച്ച് ചോദ്യാവലി പ്രസിദ്ധീകരിച്ചു. സംഘടനകൾ, സ്ഥാപനങ്ങൾ, ഉല്പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകൾ, വ്യക്തിഗത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്ന് അഭിപ്രായം ശേഖരിക്കുന്നത് ലക്ഷ്യമിട്ടാണ് ചോദ്യാവലി പ്രസിദ്ധീകരിച്ചത്. സർവേയുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങൾ സർക്കാർ അനുമതി നൽകിയ പൊതുകാര്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കൂ.

വ്യക്തികളുടെ സ്വകാര്യത ലംഘിക്കാതെയാകും ഡാറ്റയുടെ ഉപയോഗം. സാമ്പത്തികാഘാത സർവേയുടെ വിശദാംശങ്ങളും ചോദ്യാവലിയും eis.kerala.gov.in ൽ ലഭിക്കും. ചീഫ് സെക്രട്ടറി ഡോ.കെ.എം എബ്രഹാം, അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ്‌കുമാർ സിങ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ആർ.രാമകുമാർ എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങൾ. കാലിക്കറ്റ് സർവകലാശാലയിലെ സാമ്പത്തിക ശാസത്ര വിഭാഗം മേധാവി ഡോ. ഡി.ഷയ്ജൻ കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്.

ഒരു മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും മൂന്നു മാസത്തിനകം അന്തിമ റിപ്പോർട്ടും സർക്കാരിന് സമർപ്പിക്കും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്‌സേഷനിൽ നിന്നുള്ള ഡോ. എൻ. രാമലിംഗം, ഡോ. എൽ. അനിത കുമാരി എന്നിവരാണ് സമിതിയെ സഹായിക്കുന്ന വിദഗ്ധ റിസോഴ്‌സ് ഗ്രൂപ്പിലെ അംഗങ്ങൾ.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82032

Share
അഭിപ്രായം എഴുതാം