പക്ഷിപ്പനി: കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

കോഴിക്കോട് മാർച്ച് 10: പക്ഷിപ്പനി സാധാരണഗതിയില്‍ പക്ഷികളെ മാത്രം ബാധിക്കുന്ന വൈറല്‍ രോഗമാണെങ്കിലും വളരെ  അപൂര്‍വ്വമായി ചില പ്രത്യേക അനുകൂല സാഹചര്യങ്ങളില്‍ മാത്രം മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതാണ്. ഈ സാഹചര്യത്തില്‍ ശാസ്ത്രീയമായ മാര്‍ഗ്ഗരേഖ പ്രകാരം കോഴിക്കോട് ജില്ലയിലെ രോഗബാധ പ്രഭവ കേന്ദ്രത്തിന്  ഒരു കി.മീ ചുറ്റളവിലുളള സ്ഥലത്തെ പക്ഷികളെ ഉന്‍മൂലനം ചെയ്തുകൊണ്ട് വൈറസിന്റെ ആവാസവ്യവസ്ഥ ഇല്ലാതാക്കി രോഗം പുറത്തേക്ക് വ്യാപിക്കുന്നത് തടയുകയും വൈറസിനെ രോഗബാധയുടെ ഉറവിടത്തില്‍ത്തന്നെ നശിപ്പിക്കുകയും ചെയ്യുകയെന്ന പ്രാഥമിക രോഗനിയന്ത്രണ നടപടിയാണ് നടന്നുവരുന്നത്.

ഈ സാഹചര്യത്തില്‍ രോഗബാധാ പ്രദേശത്തുളള പൊതുജനങ്ങള്‍ ഇതുമായി സഹകരിച്ച് തങ്ങളുടെ വളര്‍ത്തുപക്ഷികളെ രോഗനിയന്ത്രണ ദ്രുതകര്‍മ്മസേനാംഗങ്ങളെ ഏല്‍പ്പിച്ച് രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരണം. രോഗബാധാപ്രദേശത്ത് വളര്‍ത്തുപക്ഷികളെ ഒളിപ്പിച്ചുവയ്ക്കുകയോ പുറത്തേക്ക് കടത്തുകയോ ചെയ്യുന്നത് രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്നതിനും രോഗം പുറത്തേക്ക് വ്യാപിക്കുന്നതിനും ഇടയാക്കും. മാത്രമല്ല, പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുവാന്‍ സാദ്ധ്യതയുളള രോഗമായതിനാല്‍ ഇത്തരത്തില്‍ രോഗബാധാ പ്രദേശത്തുനിന്നും പുറത്തേക്ക് കൊണ്ടുപോകുന്ന വളര്‍ത്തുപക്ഷികള്‍ മനുഷ്യര്‍ക്കും ഭീഷണിയായേക്കാം. ആയതിനാല്‍ ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പക്ഷിപ്പനി കണ്‍ട്രോള്‍ സെല്ലിലോ 04952762050 എന്ന നമ്പരിലോ പോലീസിലോ അറിയിക്കണം.

Share
അഭിപ്രായം എഴുതാം