സ്നേഹനിലയത്തില്‍ 3 വര്‍ഷത്തിനിടെ 21 മരണങ്ങള്‍: സാന്ത്വന ചികിത്സാകേന്ദ്രത്തിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

പാലക്കാട് മാര്‍ച്ച് 5: തൃത്താല സാന്ത്വന ചികിത്സാകേന്ദ്രമായ സ്നേഹനിലയത്തിനെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മരിച്ചത് 21 അന്തേവാസികളാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. ഇവരുടെ പോസ്റ്റ്മോര്‍ട്ടം നടന്നോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഗ്രാമപഞ്ചായത്ത്, സാമൂഹ്യ നീതി വകുപ്പ് എന്നിവരുടെ അനുമതി സ്ഥാപനത്തിന് ഇല്ലെന്നും കണ്ടെത്തി. വിശദമായ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറിയിട്ടുണ്ട്.

സ്നേഹനിലയത്തിലെ അന്തേവാസിയായിരുന്ന സിദ്ദിഖ് ചൊവ്വാഴ്ചയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് സിദ്ദിഖിന്‍റെ മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും.

മാനസിക നില തെറ്റിയ അന്തേവാസികളോട് പലപ്പോഴും ബലപ്രയോഗം നടത്തേണ്ടിവരാറുണ്ടെന്നും എന്നാല്‍ മര്‍ദ്ദിക്കാറില്ലെന്നും അറസ്റ്റിലായ മുഹമ്മദ് നബീല്‍ പോലീസിനോട് പറഞ്ഞു. ഇതിന്‍റെ യാഥാര്‍ത്ഥ്യമറിയാന്‍ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കും. പ്രദേശവാസികളുടെ മൊഴിയെടുക്കും.

Share
അഭിപ്രായം എഴുതാം