ആഗ്ര ഫെബ്രുവരി 21: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഫെബ്രുവരി 24ന് 12 മണി മുതല്‍ താജ്മഹലില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അറിയിപ്പ്. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ട്രംപ് 24നാണ് താജ്മഹല്‍ കാണാനെത്തുന്നത്. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് അന്ന് 12 മണി മുതല്‍ താജ്മഹല്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യാ ആഗ്ര ഡിവിഷന്‍ സൂപ്രണ്ട് വസന്ത് കുമാര്‍ അറിയിച്ചു.
താജ്മഹലിന്റെ പരിസരത്ത് സ്ഥിതി ചെയ്യുന്ന എല്ലാ വീടുകളും കടകളും റെസ്റ്റോറന്റുകളും ഹോട്ടലുകളും പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയ്ക്കായി ചില പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളതെന്നും സിറ്റി പോലീസ് സൂപ്രണ്ട് രോഹന്‍ പ്രമോദ് പറഞ്ഞു.