കോളേജുകളിലെ അധ്യയന സമയം മാറ്റിയേക്കും

തിരുവനന്തപുരം ഫെബ്രുവരി 21: കോളേജുകളിലെ അധ്യയന സമയം മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. നിലവില്‍ പത്ത് മുതല്‍ നാലുവരെയാണ് ക്ലാസുകള്‍. അത് മാറ്റി എട്ടുമുതല്‍ ഒരു മണി വരെയെന്ന രീതിയിലേക്ക് മാറ്റാനാണ് പരിഗണന. ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സെമിനാറിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. വിദേശ സര്‍വ്വകലാശാലകളിലും കോളേജുകളിലും രാവിലെ ഏഴിനോ എട്ടിനോ തുടങ്ങും. കൂടുതല്‍ പഠന സമയം ലഭിക്കാന്‍ ഈ രീതി സഹായിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഉച്ചകഴിഞ്ഞ് പഠനത്തോടൊപ്പം ജോലി ചെയ്യുന്നവര്‍ക്ക് അത് സൗകര്യപ്രദമാകും. വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവ് അവര്‍ക്ക് തന്നെ വഹിക്കാനും പഠിച്ചിറങ്ങുമ്പോള്‍ തന്നെ സ്വയം പര്യാപ്തത കൈവരിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക, വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികള്‍, മാനേജ്മെന്‍റ് പ്രതിനിധികള്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ചു ചേര്‍ത്ത് സമയമാറ്റക്രമത്തില്‍ അഭിപ്രായം തിരക്കും. അഭിപ്രായ ഐക്യമുണ്ടായാല്‍ അടുത്ത വര്‍ഷം തന്നെ സമയക്രമം നടപ്പിലാക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം