കാട്ടാക്കട കൊലപാതകം: സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്ന് സംഗീതിന്റെ കുടുംബം

കാട്ടാക്കട ഫെബ്രുവരി 4: കാട്ടാക്കടയില്‍ സ്വന്തം പുരയിടത്തില്‍ നിന്ന് മണ്ണെടുത്തത് ചോദ്യം ചെയ്തതിന് യുവാവിനെ ജെസിബി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്ന് സംഗീതിന്റെ കുടുംബം. ഇന്ന് പുലര്‍ച്ചെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രതികളെ തിരിച്ചറിയാന്‍ അനുവദിക്കണമെന്ന സംഗീതിന്റെ ഭാര്യയുടെ ആവശ്യം പോലീസ് അനുവദിച്ചില്ല.

ദൃക്സാക്ഷികളെ കൊണ്ട് നിയമപരമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് പോലീസ് സംഘം പിന്നീട് അറിയിച്ചു. കൊലപാതകത്തെക്കുറിച്ച് വ്യക്തമാക്കാനായിട്ടാണ് ഇന്ന് തെളിവെടുപ്പ് നടത്തിയതെന്നും സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതികളെ വേഗം സ്ഥലത്ത് നിന്ന് മാറ്റിയതെന്നും പോലീസ് വിശദീകരിച്ചു.

തങ്ങള്‍ക്ക് ഒരുപാട് കടബാധ്യതയുണ്ടെന്നും മക്കളെ വളര്‍ത്താന്‍ വഴികളില്ലെന്നും സര്‍ക്കാര്‍ ജോലിയും ധനസഹായവും ലഭ്യമാക്കണമെന്നും കൊല്ലപ്പെട്ട സംഗീതിന്റെ ഭാര്യ സംഗീത മാധ്യമങ്ങളോട് പറഞ്ഞു. അനുവാദമില്ലാതെ മണ്ണെടുത്തത് ചോദ്യം ചെയ്തതിനാണ് യുവാവിനെ മണ്ണുമാഫിയ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയത്. രാത്രിയില്‍ സംഭവങ്ങളെക്കുറിച്ച് പോലീസില്‍ വിളിച്ചറിയിച്ചെങ്കിലും സമയത്ത് എത്താതെ പോലീസ് കാണിച്ച അനാസ്ഥയാണ് സംഗീതിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Share
അഭിപ്രായം എഴുതാം