കാശ്മീരില്‍ പുനഃസംഘടനയ്ക്ക്ശേഷം കേന്ദ്ര മന്ത്രിതല സംഘം ആദ്യമായി സന്ദര്‍ശന ത്തിനെത്തുന്നു

ന്യൂഡല്‍ഹി ജനുവരി 16: പുനഃസംഘടനയ്ക്ക്ശേഷം കാശ്മീരില്‍ ആദ്യമായി കേന്ദ്ര മന്ത്രിതല സംഘം സന്ദര്‍ശനത്തിനെത്തുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജനുവരി അവസാനത്തോടെയാണ് മന്ത്രിമാരുടെ പ്രത്യേക സംഘം സന്ദര്‍ശനം നടത്തുക. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് അഞ്ച് മാസങ്ങള്‍ക്ക്ശേഷമാണ് ആദ്യ കേന്ദ്രസംഘം ഇവിടെ സന്ദര്‍ശനത്തിനെത്തുന്നത്.

അനുച്ഛേദം 370 എടുത്തുകളഞ്ഞതിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും കേന്ദ്രം കൊണ്ടുവരുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ചും കേന്ദ്രമന്ത്രിമാര്‍ ജനങ്ങളെ ബോധവത്കരിക്കും. ജനുവരി 17ന് ചേരുന്ന കേന്ദ്ര മന്ത്രിമാരുടെ യോഗത്തിന് ശേഷം കാശ്മീര്‍ സന്ദര്‍ശനത്തിന്റെ കൃത്യമായ തീയതി തീരുമാനിക്കും.

2019 ആഗസ്റ്റ് 5നാണ് അനുച്ഛേദം 370 റദ്ദാക്കി കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ലഡാക്ക്, ജമ്മു-കാശ്മീര്‍ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിക്കൊണ്ടുള്ള കാശ്മീര്‍ പുനഃസംഘടന ബില്‍ ബിജെപി പാര്‍ലമെന്ററില്‍ പാസാക്കിയിരുന്നത്.

Share
അഭിപ്രായം എഴുതാം