എച്ച്1 എന്‍1: ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍

കോഴിക്കോട് ജനുവരി 9: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഹയര്‍സെക്കന്ററി സ്കൂളില്‍ എച്ച്1 എന്‍1 പടര്‍ന്ന സാഹചര്യത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി ആരോഗ്യവകുപ്പ്. ആശങ്ക വേണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും അധികൃതര്‍ അറിയിച്ചു. എട്ട് സ്ഥലങ്ങളില്‍ ഇതിന്റെ ഭാഗമായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു.

232 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ടെന്നും പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആദ്യം രോഗലക്ഷണങ്ങള്‍ കാണപ്പെട്ടത് സ്കൂളിലെ അധ്യാപികയ്ക്കായിരുന്നു. അധ്യാപികയില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗം പടര്‍ന്നതെന്ന സംശയത്തിലാണ് ബന്ധപ്പെട്ടവര്‍. നിലവില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികയ്ക്കുമാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ സ്രവം മണിപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കയച്ചതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.

Share
അഭിപ്രായം എഴുതാം