പൗരത്വ ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ്

ഗുവാഹത്തി ഡിസംബര്‍ 10: അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം. അസമില്‍ 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. പൗരത്വ ഭേദഗതി ബില്ല് ഇന്നലെ അര്‍ധരാത്രിയോടെ ലോക്സഭാ പാസാക്കിയതിന് പിന്നാലെയാണ് അസമില്‍ പ്രതിഷേധം വ്യാപകമായത്. പുലര്‍ച്ചയോടെ അഞ്ച് മണിക്കാണ് സംസ്ഥാനത്ത് ബന്ദ് ആരംഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, അസം ഗണപരിഷത്ത് നേതാക്കളുടെയുമൊക്കെ നേരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. വിവിധ ക്യാമ്പസുകളില്‍ മോദിയുടെ ഉള്‍പ്പടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സുരക്ഷ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനുള്ള അനുമതി നല്‍കുന്നതാണ് പൗരത്വ ഭേദഗതി ബില്‍. ഇത്തരം ആളുകളുടെ പ്രവേശനം തങ്ങളുടെ സ്വത്തിനും ഉപജീവനത്തിനും അപകടമുണ്ടാക്കുമെന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തദ്ദേശവാസികളുടെ ആശങ്കയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം.

Share
അഭിപ്രായം എഴുതാം