വഖഫ് ബോര്‍ഡ് ചെയര്‍മാനും മന്ത്രിമാര്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ച് യുപി സര്‍ക്കാര്‍

ലഖ്നൗ നവംബര്‍ 12: അയോദ്ധ്യ വിധി പ്രഖ്യാപനത്തിന്ശേഷം സംസ്ഥാന മന്ത്രിമാര്‍ക്കും നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ അവലോകനം ചെയ്തു. ഇന്‍റലിജന്‍സ് വിങ്ങില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിലരുടെ സുരക്ഷ പിന്‍വലിക്കുകയും ചിലരുടെ കര്‍ശനമാക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് മന്ത്രി സുരേഷ് റാണയുടെ സുരക്ഷ സെഡില്‍ നിന്ന് സെഡ് പ്ലസിലേക്ക് ഉയര്‍ത്തി. സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ജുഫൂര്‍ ഫറൂഖി, യുപി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി എന്നിവര്‍ക്ക് സുരക്ഷ വൈയില്‍ നിന്ന് വൈ പ്ലസിലേക്ക് ഉയര്‍ത്തി . സംസ്ഥാന ന്യൂനപക്ഷകാര്യമന്ത്രി നന്ദ് ഗോപാല്‍ ഗുപ്ത നന്ദി, ബിജെപി എംഎല്‍എ സംഗീത് സോം എന്നിവര്‍ക്ക് സെഡ് സുരക്ഷ നല്‍കും. മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിമാരായ രാംവീര്‍ ഉപാധ്യയ, നരേഷ് അഗര്‍വാള്‍ എന്നിവര്‍ക്ക് വൈ പ്ലസ് സുരക്ഷയും നല്‍കും.

അയോദ്ധ്യ കേസില്‍ മധ്യസ്ഥ സമിതിയിലെ അംഗങ്ങളായ ആത്മീയഗുരു ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു, മുന്‍ ജഡ്ജി എഫ്എം ഖലീഫുള്ള എന്നിവരുടെ സുരക്ഷ പിന്‍വലിക്കുകയും ചെയ്തു. മറ്റ് ചിലര്‍ക്ക് കൂടി സര്‍ക്കാര്‍ സുരക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

Share
അഭിപ്രായം എഴുതാം