ശശി തരൂരിനെതിരെ ഡല്‍ഹി കോടതിയുടെ വാറണ്ട്

ശശി തരൂര്‍

ന്യൂഡല്‍ഹി നവംബര്‍ 12: തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ ഡല്‍ഹി കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് നവീന്‍ കുമാര്‍ കശ്യപാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഡല്‍ഹിയിലെ ബിജെപി നേതാവ് രാജീവ് ബബ്ബാര്‍ നല്‍കിയ പരാതിയിലാണ് നടപടി. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഒരു ആര്‍എസ്എസ് നേതാവ് തന്നോട് പറഞ്ഞുവെന്ന് ശശി തരൂര്‍ നടത്തിയ പ്രസ്താവനയുടെ പേരിലാണ് പരാതി കോടതിയിലെത്തിയത്. ശിവ ആരാധകനായ തനിക്കും കോടിക്കണക്കിന് വരുന്ന മറ്റ് ആരാധകര്‍ക്കും അപമാനകരമാണ് ഈ പ്രസ്താവനയെന്ന് പരാതിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു. ശിവലിംഗത്തെ പവിത്രവിഗ്രഹമായി കരുതുന്നവരാണ് തങ്ങളെന്നും ആ ബിംബത്തെ ഉപയോഗിച്ച് ഉപമ സൃഷ്ടിച്ചത് തങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്നതാണെന്നും പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. ഇയാളുടെ പരാതി സ്വീകരിച്ച മജിസ്ട്രേറ്റ് ശശി തരൂരിനെതിരെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. അയ്യായിരം രൂപയുടെ ജാമ്യത്തില്‍ നവംബര്‍ 27ന് കോടതിയില്‍ ഹാജരാകാന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചു. ഇന്ന് കേസ് പരിഗണനയ്ക്കായി എടുത്തപ്പോള്‍ പരാതിക്കാരനും അഭിഭാഷകനും ഹാജരല്ലാത്തതിന്‍റെ പേരില്‍ അഞ്ഞൂറ് രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ശശി തരൂരോ അദ്ദേഹത്തിന്‍റെ അഭിഭാഷകനോ കോടതിയില്‍ ഹാജരായിരുന്നില്ല.

Share
അഭിപ്രായം എഴുതാം