സുപ്രധാന വകുപ്പുകളിൽ കരുത്ത‍ർ തന്നെ; മോദി 3.0യിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മാറ്റങ്ങൾ ഇങ്ങനെ..

മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോ​ഗത്തിന് പിന്നാലെ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ പ്രഖ്യാപിച്ച് എൻഡിഎ. സുപ്രധാന വകുപ്പുകൾ മുൻ മന്ത്രിസഭയിലേത് പോലെ നിലനിർത്താനാണ് മൂന്നാം മോദി സർക്കാരിന്റെ തീരുമാനം

പ്രതിരോധം – രാജ്നാഥ് സിം​ഗ്, ആഭ്യന്തരം – അമിത് ഷാ, വിദേശകാര്യം- എസ് ജയശങ്കർ എന്നിവർ തന്നെ കൈകാര്യം ചെയ്യും. നിതിൻ ​ഗഡ്കരിയും അശ്വിനി വൈഷ്ണവും അതത് വകുപ്പുകളായ ഉപരിതല റോഡ് ​ഗതാ​ഗതവും റെയിൽവേയുമാണ് കൈകാര്യം ചെയ്യുക. നിർമലാ സീതാരാമൻ ധനമന്ത്രിയായും തുടരും. സുപ്രധാന വകുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ അതത് വകുപ്പുകളിലെ മന്ത്രിമാരെ നിലനിർത്താൻ തീരുമാനിച്ചെന്നാണ് വിലയിരുത്തൽ.
പാർട്ടി ദേശീയ അദ്ധ്യക്ഷനായ ജെ.പി നദ്ദയ്‌ക്ക് ആരോ​ഗ്യവകുപ്പ് നൽകി. വ്യോമയാനം റാം മോഹൻ നായിഡുവിനും, വാണിജ്യം പീയൂഷ് ​ഗോയലിനുമാണ് നൽകിയിരിക്കുന്നത്.

മോദി മന്ത്രിസഭയിലേക്ക് ആദ്യമായി പ്രവേശനം നേടിയ ശിവരാജ് സിം​ഗ് ചൗഹാന് കാർഷിക വകുപ്പാണ് നൽകിയിരിക്കുന്നത്. കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ചൗഹാൻ മദ്ധ്യപ്രദേശിൽ ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായി തുടർന്ന ജനപ്രിയ നേതാവാണ്.
​ഗതാ​ഗത വകുപ്പിൽ രണ്ട് സഹമന്ത്രിമാരെ നിയോ​ഗിച്ചു. ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവർ സഹമന്ത്രിമാരാകും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് റെയിൽവേ കൂടാതെ വാർത്താവിതരണ വകുപ്പും നൽകി. മുൻ മന്ത്രിസഭയിൽ ആരോ​ഗ്യം കൈകാര്യം ചെയ്തിരുന്ന മാണ്ഡവ്യ ഇത്തവണ തൊഴിൽ വകുപ്പ് കൈകാര്യം ചെയ്യും. വി​ദ്യാഭ്യാസ വകുപ്പിൽ ധർമേന്ദ്ര പ്രധാൻ തുടരും. എച്ച്.ഡി കുമാരസ്വാമിക്ക് ഉരുക്ക്, ഖനന വ്യവസായ വകുപ്പുകളും കിരൺ റിജിജുവിന് പാർലമെന്ററി കാര്യവും ന്യൂനപക്ഷ ക്ഷേമവും നൽകി.ഊർജവും ന​ഗരവികസനവും മനോഹർലാൽ ഖട്ടറിനാണ് നൽകിയിരിക്കുന്നത്. ഊർജ സഹമന്ത്രിയായി ശ്രീപദ് നായികിന് നിയോ​ഗിച്ചു. പെട്രോളിയം മന്ത്രിയായി ഹർദീപ് പുരിയെയും സഹമന്ത്രിയായി ഏക കേരളാ എംപിയായ സുരേഷ് ​ഗോപിയേയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സുരേഷ് ​ഗോപിക്ക് സാംസ്കാരിക വകുപ്പിന്റെയും ടൂറിസത്തിന്റെയും സഹമന്ത്രി സ്ഥാനവും ലഭിച്ചു.

Share
അഭിപ്രായം എഴുതാം