കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരും’; മോദി മന്ത്രിസഭയുടെ ഭാഗമാകുന്നതിൽ അഭിമാനമെന്ന് സുരേഷ് ഗോപി

കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് തൃശൂര്‍ എംപി സുരേഷ് ഗോപി. മറിച്ചുള്ള മാധ്യമ വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. മോദി മന്ത്രിസഭയിൽ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്നും സുരേഷ് ഗോപി പറയുന്നു. സഹമന്ത്രി പദവിയില്‍ സുരേഷ് ഗോപിക്ക് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ് എത്തുന്നത്.

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾക്കൊടുവിൽ സൂപ്പർതാരം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുന്നത്. ഉറപ്പിച്ച മന്ത്രിസ്ഥാനത്തിൽ രാവിലെ മുതൽ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവിൽ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് ദില്ലിക്ക് പുറപ്പെട്ടത്. തൃശൂർ ‘എടുത്തത്’ മുതൽ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. എന്നാല്‍ ഇന്നലെ രാത്രി മുതൽ പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയർന്നിരുന്നു. പിന്നാലെ മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് തിരുവന്തപുരത്തേക്ക് പോയ സുരേഷ് ഗോപിയെ മോദി തിരിച്ചു വിളിക്കുകയായിരുന്നു. ഒടുവിൽ ദില്ലിയിൽ നിന്നും നേരിട്ട് മോദിയുടെ കോളെത്തിയതോടെയാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞയ്ക്കായി ദില്ലിയിലേക്ക് തിരിച്ചത്. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം

Share
അഭിപ്രായം എഴുതാം