പ്രവർത്തകർ ജമ്മു കാശ്മീരിലേതിനേക്കാൾ ത്യാ​ഗം സഹിച്ചു’; കേരളത്തിലെ വിജയം രക്തസാക്ഷികള്‍ക്ക് സമര്‍പ്പിച്ച് മോദി

ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ വിജയത്തെ കുറിച്ച് എൻഡിഎ യോഗത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ബിജെപി വിജയിക്കുന്നത് തടയാൻ രണ്ട് മുന്നണികളും പരമാവധി ശ്രമിച്ചു. പ്രവർത്തകർ ജമ്മു കാശ്മീരിലേതിനേക്കാൾ കേരളത്തിൽ ത്യാ​ഗം സഹിച്ചു

അതിന്‍റെ ഫലമാണ് കേരളത്തിലെ വിജയം. തടസങ്ങൾക്കിടയിലും ശ്രമം തുടർന്ന് ഒടുവിൽ വിജയം നേടി. ഇപ്പോൾ അവിടെ നിന്ന് ഒരു ലോക്സഭാംഗത്തെ ലഭിച്ചിരിക്കുകയാണ്. കേരളത്തിലെ വിജയം രക്തസാക്ഷികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു.

നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രി പദത്തിലേക്ക് എത്തുകയാണ്. എൻഡിഎ നേതാവായി നരേന്ദ്ര മോദിയുടെ പേര് മുന്നണി യോഗത്തിൽ രാജ്നാഥ് സിംഗ് നിർദേശിച്ചു. അമിത് ഷായും നിതിൻ ഗഡ്കരിയും പിന്താങ്ങി. ഭരണഘടനയെ വണങ്ങി പ്രസംഗം തുടങ്ങിയ മോദി, എൻഡിഎ സർക്കാർ എന്ന് ഊന്നിപ്പറഞ്ഞ് സഖ്യത്തിന്‍റെ ശക്തിയും ലക്ഷ്യവും എന്തെന്ന് വിശദീകരിച്ചു. എന്‍ഡിഎ എന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും തെരഞ്ഞെടുപ്പിലെ ജയം സഖ്യത്തിന്‍റെ ജയമാണെന്നും മോദി പറഞ്ഞു. എൻഡിഎ എന്നാൽ ന്യൂ ഇന്ത്യ (പുതിയ ഇന്ത്യ), ഡവലപ്ഡ് ഇന്ത്യ (വികസിത ഇന്ത്യ), ആസ്പിരേഷണൽ ഇന്ത്യ (പ്രത്യാശയുടെ ഇന്ത്യ) ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ മുന്നണിക്കെതിരെയും പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചു. ഇന്ത്യ സഖ്യം കള്ളം പ്രചരിപ്പിക്കുകയാണ്. കപട വാഗ്ദാനങ്ങള്‍ നൽകുന്നു. 10 വർഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസിന് 100 സീറ്റ് തികച്ച് ജയിക്കാൻ കഴിഞ്ഞില്ലെന്നും മോദി പറഞ്ഞു.

യോഗത്തില്‍ ചന്ദ്രബാബു നായിഡുവിനും നിതീഷ് കുമാറിനും തൊട്ടടുത്തായാണ് നരേന്ദ്ര മോദി ഇരുന്നത്. നരേന്ദ്ര മോദി ഇന്ത്യയുടെ യശ്ശസ് ഉയർത്തിയെന്ന് ചന്ദ്രബാബു നായിഡു യോഗത്തില്‍ പറഞ്ഞു. എൻഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷൻമാരും ഈ യോ​ഗത്തിൽ പങ്കെടുത്തു. ഞായറാഴ്ചയാണ് ദില്ലിയില്‍ സത്യപ്രതിജ്ഞ നടക്കുക. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനായി അയല്‍ രാജ്യങ്ങളിലെ നേതാക്കൾ ദില്ലിയില്‍ എത്തും.

Share
അഭിപ്രായം എഴുതാം