600 ക്ഷേത്രങ്ങളില്‍ ഫലവൃക്ഷ തൈകളും ചെടികളും നട്ടുപിടിപ്പിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് വിപുലമായ പരിപാടികള്‍ ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തില്‍ ദേവസ്വം ബോർഡിന്റെ 600 പ്രധാന ക്ഷേത്രങ്ങളിലെ ഭൂമിയില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷ തൈകളും അമ്ബലങ്ങളില്‍ പൂക്കള്‍ക്കുവേണ്ടിയുള്ള ചെടികളും നട്ട് പിടിപ്പിക്കും.

തൈ നടീലിന്റെ സംസ്ഥാനതല ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉള്ളൂർ ഗ്രൂപ്പിലെ ബാലസുബ്രഹ്മണ്യം ക്ഷേത്രത്തില്‍ ജൂണ്‍ അഞ്ചിന് രാവിലെ 10 മണിക്ക് നിർവ്വഹിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ ആലപ്പുഴയിലെ മുല്ലയ്ക്കല്‍ ശ്രീരാജരാജേശ്വരി ക്ഷേത്രവളപ്പിലും ജി.സുന്ദരേശൻ കൊട്ടാരക്കര ഗ്രൂപ്പിലെ പട്ടാഴി ദേവീ ക്ഷേത്രഭൂമിയിലും ഫലവൃക്ഷ തൈകള്‍ നടും.

അതാത് സ്ഥലങ്ങളിലെ ജനപ്രതിനിധികളുടെയും കലാ – സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും പങ്കാളിത്തതോടെയാണ് വിവിധ അമ്ബലങ്ങളില്‍ തൈ നടീല്‍ സംഘടിപ്പിച്ചിരിക്കുന്നത്. തെങ്ങ്, കമുക്, ക്ഷേത്രങ്ങളിലെ പൂജാപുഷ്പങ്ങളായ തെറ്റി, തുളസി, ചെമ്ബരത്തി എന്നിവയുടെ തൈകളുമാണ് പ്രധാനമായും നട്ടുപിടിപ്പിക്കുകയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ തൈ നടീലിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് ബോർഡ് അംഗങ്ങള്‍, ദേവസ്വം ബോർഡിലെ ഉദ്യോസ്ഥർ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർമാർ എന്നിവർ ഫലവൃക്ഷങ്ങളുടെയും ചെടികളുടെയും പരിപാലനം കൂടി ഉറപ്പാക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.

തിരുവനന്തപുരം, പത്തനംതിട്ട, ഹരിപ്പാട്, വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർമാർ അവരുടെ കീഴിലുള്ള പ്രധാന അമ്ബലങ്ങളില്‍ വൃക്ഷ തൈകളും ചെടികളും നടും. 20 ദേവസ്വം ഗ്രൂപ്പുകളിലെ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർമാർ അമ്ബലങ്ങളിലും ദേവസ്വം ഓഫീസ് വളപ്പിലും വൃക്ഷ തൈകള്‍ നടുന്നുണ്ട്. ക്ഷേത്രങ്ങളില്‍ ചുമതലയുള്ള സബ് ഗ്രൂപ്പ് ഓഫീസർമാർ, ജൂനിയർ സൂപ്രണ്ടുമാർ എന്നിവരും ക്ഷേത്ര സ്ഥലങ്ങളില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നുണ്ട്. രാവിലെയും വൈകുന്നേരവും ഓരോരോ അമ്ബലമുറ്റങ്ങളിലും തൈകള്‍ നടും.

ദേവസ്വം മരാമത്ത് വിഭാഗം ചീഫ് എഞ്ചീനിയറുടെ മേല്‍ നോട്ടത്തില്‍ ആറ് എക്സിക്യൂട്ടീവ് എഞ്ചീനിയർമാർ, 20 അസിസ്റ്റന്റ് എഞ്ചീനിയർമാർ എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ഭാഗമായി ഫലവൃക്ഷ തൈകള്‍ നടുന്നുണ്ട്. ജൂണ്‍ 6, 7 തീയതികളില്‍ ദേവസ്വം ബോർഡിന്റെ ബാക്കിയുള്ള ക്ഷേത്രങ്ങളിലും ഫലവൃക്ഷതൈകളും തുളസി, തെറ്റി എന്നിങ്ങനെയുള്ള ചെടികളും നട്ടുപിടിപ്പിക്കും. പമ്ബ, ശബരിമല ക്ഷേത്ര അങ്കണത്ത് മാസപൂജയ്ക്ക് നട തുറക്കുന്ന സമയത്ത് തൈകള്‍ നടും.

Share
അഭിപ്രായം എഴുതാം