മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ മുന്നിലെത്തി രാജീവ് ചന്ദ്രശേഖർ

ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മുന്നിലെത്തിയത് മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ. കഴക്കൂട്ടം, നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് എൻ.ഡി.എ സ്ഥാനാർഥി മുന്നേറ്റം നടത്തിയത്. കഴക്കൂട്ടത്ത് 50,444ഉം വട്ടിയൂർക്കാവിൽ 53,025ഉം നേമത്ത് 61,227 വോട്ടുകളാണ് രാജീവ് ചന്ദ്രശേഖറിന് ലഭിച്ചത്.

തെരഞ്ഞെടുപ്പിൽ 3,42,078 വോട്ടുകളാണ് രാജീവ് ചന്ദ്രശേഖറിന് ആകെ ലഭിച്ചത്. ഇതിൽ 4,158 എണ്ണം പോസ്റ്റല്‍ വോട്ടുകളാണ്. മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ നിന്നായി എൻ.ഡി.എ സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് 1,64,696 വോട്ടുകൾ.കഴക്കൂട്ടം, നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിന് യഥാക്രമം 39602, 44863, 39101 വോട്ടുകളും പന്ന്യൻ രവീന്ദ്രന് യഥാക്രമം 34382, 44863, 39101 വോട്ടുകളുമാണ് ലഭിച്ചത്.

അതേസമയം, നാല് നിയമസഭ മണ്ഡലങ്ങളിൽ ശശി തരൂർ ലീഡ് പിടിച്ചു. തിരുവനന്തപുരം- 48,296, കോവളം-64,042, നെയ്യാറ്റിന്‍കര-58,749, പാറശ്ശാല-59,026 എന്നിങ്ങനെയാണ് നാല് മണ്ഡലങ്ങളിൽ നിന്ന് തരൂരിന് ലഭിച്ച വോട്ടുകൾ.

പോസ്റ്റല്‍ വോട്ടുകളിൽ ശശി തരൂരിന് 4,476 വോട്ടും രാജീവ് ചന്ദ്രശേഖറിന് 4,158 വോട്ടും പന്ന്യന്‍ രവീന്ദ്രന് 3,215 വോട്ടും ലഭിച്ചു. 16,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ച ശശി തരൂര്‍ ആകെ 3,53,679 വോട്ട് പിടിച്ച് വിജയിച്ചപ്പോൾ രാജീവ് ചന്ദ്രശേഖര്‍ 3,37,920 വോട്ടും പന്ന്യന്‍ രവീന്ദ്രന്‍ 2,44,433 വോട്ടുമാണ് കരസ്ഥമാക്കിയത്.

Share
അഭിപ്രായം എഴുതാം