സ്വന്തം മണ്ഡലത്തിലും തരംഗമില്ല;വാരണാസിയിൽ മോദിയ്ക്ക് ഒറ്റയടിക്ക് നഷ്ടപ്പെട്ടത് 3.5 ലക്ഷം വോട്ടുകള്‍

ലഖ്‌നൗ: വാരണാസിയിൽ നിന്നും മോദി വീണ്ടും വിജയിച്ചു കയറിയെങ്കിലും ഒട്ടും തിളക്കമില്ലാതെയാണ് ഇത്തവണത്തെ വിജയം. 2019ലെ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ ഇത്തവണ 1,52,513 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ വിജയം. 2019ലെ ഭൂരിപക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷത്തിലേറെ വോട്ടുകളാണ് കുറഞ്ഞത് എന്നും ശ്രദ്ധേയമാണ്.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ വാരാണസിയില്‍ മോദി പിന്നിലായിരുന്നു എന്നതും മറ്റൊരു ശ്രദ്ദേയമായ കാര്യമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ അജയ് റായിയുടെ കുതിപ്പിനാണ് ആദ്യ മണിക്കൂറില്‍ വാരാണസി സാക്ഷ്യം വഹിച്ചത്. ആദ്യ ഘട്ടത്തില്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് നേടിയെങ്കിലും അത് നിലനിര്‍ത്താന്‍ അജയ് റായിക്കായില്ല. പിന്നാലെ നരേന്ദ്രമോദി ലീഡ് പിടിച്ചെടുക്കുകയായിരുന്നു. ആകെ 6,12,970 വോട്ടുകളാണ് നരേന്ദ്രമോദിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്ക് 4,60,457 വോട്ടും. 2019-ല്‍ 4,79,505 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ ജയം. എന്നാല്‍, ഇത്തവണ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു.
സ്വന്തം മണ്ഡലത്തിൽ ലീഡ് കുറഞ്ഞു എന്നതിന് പുറമെ ഉത്തരേന്ത്യയടക്കമുള്ള സംസ്ഥാനങ്ങളിൽ മോദി തരംഗമുണ്ടാക്കാനും സാധിച്ചില്ല. നാന്നൂറ് സീറ്റ് എന്ന ലക്ഷ്യത്തിലേക്ക് കണ്ണ് നട്ടിരുന്ന എൻഡിഎ സഖ്യത്തിന് മുന്നൂറ് സീറ്റിലേക്ക് പോലും ലീഡ് ഉയർത്താനായില്ല. അതെ സമയം കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണി വലിയ തിരിച്ചു വരവ് നടത്തി.

Share
അഭിപ്രായം എഴുതാം