സ്റ്റാലിൻ നായിഡുവിനെ വിളിച്ചു; നിതീഷിനെ പവാറും; സർക്കാരുണ്ടാക്കാൻ സാധ്യത തേടി ഇൻഡ്യ സഖ്യം

ലോക്സഭ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ച് എൻ.ഡി.എയെ വിറപ്പിച്ച ഇൻഡ്യ സഖ്യം സർക്കാർ രൂപവത്കരിക്കാനുള്ള സാധ്യത തേടുന്നു. കണക്കുകൂട്ടിയ സീറ്റുകൾ ​ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞ എൻ.ഡി.എയും പുറത്തുനിന്നുള്ള കക്ഷികളുടെ പിന്തുണ തേടാനും തീരുമാനിച്ചിട്ടുണ്ട്

ആ​ന്ധ്രപ്രദേശിൽ വൻ തിരിച്ചുവരവ് നടത്തിയ ചന്ദ്രബാബു നായിഡു, ബിഹാറി​ൽ മികച്ച പ്രകടനം നടത്തിയ നിതീഷ് കുമാർ എന്നിവരുടെ പിന്തുണ തേടാനാണ് ഇരുസഖ്യങ്ങളും ഇറങ്ങിപ്പുറപ്പെട്ടത്
ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ച പ്രധാനമന്ത്രി നരേ​ന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഒപ്പം നിന്നാൽ ആന്ധ്രക്ക് പ്രത്യേക പദവി നൽകാമെന്ന് വാഗ്ദാനം നൽകി. അതോടൊപ്പം നായിഡുവിനെ എൻ.ഡി.എ ദേശീയ കൺവീനറാക്കാമെന്ന ഉറപ്പും മുന്നോട്ടുവെച്ചു.

ഇൻഡ്യ മുന്നണി നേതാക്കളും നായിഡുവുമായി ബന്ധപ്പെട്ടിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നായിഡുവിനെ ഫോണിൽ വിളിച്ചു. എൻ.സി.പി നേതാവ് ശരദ് പവാറും സർക്കാർ രൂപവത്കരണത്തിനായി ഇൻഡ്യ മുന്നണിക്ക് വേണ്ട് മറ്റ് കക്ഷികളുടെ പിന്തുണ തേടിയിട്ടുണ്ട്. നിതീഷ് കുമാറുമായി നല്ല ബന്ധമാണ് പവാറിന്. 225 സീറ്റിൽ ലീഡ് ചെയ്യുന്ന സാഹചര്യത്തിൽ സഖ്യത്തിന് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കാമെന്നാണ് കരുതുന്നത്

Share
അഭിപ്രായം എഴുതാം