കെട്ടിവെക്കാൻ 25,000 രൂപയുടെ ചില്ലറ നാണയങ്ങളുമായി സ്ഥാനാർത്ഥി

ഭോപ്പാല്‍ : ലോക്‌സഭാ തെരഞ്ഞടുപ്പില്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം നാണയമായി നല്‍കി സ്വതന്ത്ര സ്ഥാനാര്‍ഥി. 25,000 രൂപയുടെ നാണയക്കെട്ടുമായാണ് സ്ഥാനാര്‍ഥി കലക്ടറുടെ ഓഫീസില്‍ എത്തിയത്.

മധ്യപ്രദേശിലെ ജബല്‍പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിനയ് ചക്രബര്‍ത്തിയാണ് നാണയ ശേഖരവുമായി എത്തിയത്. പത്ത് രൂപ, അഞ്ച് രൂപ, രണ്ട് രൂപയുടെയും നാണയങ്ങളാണ് സ്ഥാനാര്‍ഥി നല്‍കിയത്.

ഓണ്‍ലൈനായി പണം നല്‍കാനുള്ള സംവിധാനം കലക്ടറുടെ ഇല്ലാത്തതിനാലാണ് ഇത്തരമൊരു രീതി സ്വീകരിച്ചതെന്നാണ് സ്ഥാനാര്‍ഥി പറയുന്നത്. സ്ഥാനാര്‍ഥി നല്‍കിയ പണം സ്വീകരിച്ചെന്നും അതിന്റെ രസീത് നല്‍കിയതായും ജബല്‍പൂര്‍ ജില്ലാ റിട്ടേണിംഗ് ഓഫീസറും കലക്ടറുമായ ദീപക് കുമാര്‍ സക്‌സേന പറഞ്ഞു.

ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള നടപടികള്‍ ബുധനാഴ്ച ആരംഭിച്ചു. മധ്യപ്രദേശിലെ ആറ് സീറ്റുകളിലേക്കാണ് ഏപ്രില്‍ 19ന് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

Share
അഭിപ്രായം എഴുതാം