മദ്യപിച്ച് പെൺകുട്ടിയെ ആക്രമിച്ചു, ഇടപെട്ട പൊലീസ് ഉദ്യോ​ഗസ്ഥയെ മർദിച്ചു, നഴ്സിന്റെ മുഖത്ത് ചവിട്ടി; 64കാരൻ കസ്റ്റഡിയിൽ

കൊച്ചി: തൃപ്പൂണിത്തുറ കിഴക്കേക്കോട്ട ബസ് സ്റ്റാന്റാഡിന് സമീപം മദ്യപിച്ച് പെൺകുട്ടിയെ ശല്യം ചെയ്ത വയോധികനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥയ്ക്ക് മർ​ദനം. സംഭവത്തിൽ കുരീക്കാട് പാത്രയിൽ പിഎസ് മാധവനെ (64) ഹിൽപാലസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിശോധിച്ച നഴ്സിന്റെ മുഖത്ത് ഇയാൾ ചവിട്ടിയെന്നും സമീപമുണ്ടായിരുന്ന എസ്‌ഐയെ അടിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.

ഹിൽപാലസ് സ്റ്റേഷനിലെ സിപിഒ എൻ കെ റെ‍ജിമോൾ (42), താലൂക്ക് ആശുപത്രി നഴ്സിങ് ഓഫിസർ ജി ദിവ്യ (35) എന്നിവർക്കാണു മർദനമേറ്റത്. ഇന്നലെ വൈകുന്നേരം 5.30ന് കിഴക്കേക്കോട്ട ബസ് സ്റ്റോപ്പിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിൽ വെച്ചായിരുന്നു ആദ്യ സംഭവം. മദ്യപിച്ച് വെളിവില്ലാതെ അസഭ്യം പറഞ്ഞു നടന്ന മാധവൻ ബസ് സ്റ്റോപ്പിന് സമീപം നിന്ന ഒരു പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് റെജിമോൾ പറഞ്ഞു. ഷോപ്പിങ് കോംപ്ലക്സിലേക്ക് ഓടിക്കയറിയ പെൺകുട്ടിയെ പ്രതി കടന്നുപിടിക്കുകയും ചെയ്തു. ഇതിനിടെയാണ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നിന്ന റെജിമോൾ സംഭവത്തിൽ ഇടപെട്ടത്. പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥനെ ഇയാൾ തള്ളിയിട്ട ശേഷം മർദ്ദിക്കുകയായിരുന്നു.

അര മണിക്കൂറോളം അക്രമിയോട് പൊരുതിയിട്ടും ചുറ്റും നിന്നവർ ഇടപെട്ടില്ലെന്നും റെജി മോൾ പറഞ്ഞു. പിന്നീട് രണ്ട് യുവാക്കളെത്തിയാണ് മദ്യപനെ പിടിച്ചു മാറ്റിയത്. ഇതിനുശേഷം മാധവനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ചികിത്സ നൽകുന്നതിനിടെ ഇയാൾ നഴ്സ് ദിവ്യയുടെ മുഖത്ത് ചവിട്ടി. സമീപം നിന്ന എസ്ഐ രാജൻ പിള്ളയുടെ മുഖത്ത് അടിക്കുകയും ചെയ്തു. തുടർന്നു ആശുപത്രി ജീവനക്കാരും പൊലീസും ചേർന്നു പ്രതിയെ കെട്ടിയിടുകയായിരുന്നു. മർദനമേറ്റ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.

Share
അഭിപ്രായം എഴുതാം