ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ യാഥാര്‍ത്ഥ്യം

സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി.
വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് സംസ്ഥാനത്തിന് അനുയോജ്യമായ രീതിയില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ ആവിഷ്‌ക്കരിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടേയും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചാണ് കോഡ് ഗ്രേ പ്രോട്ടോകോളിന് രൂപം നല്‍കിയത്. ഇതുകൂടാതെ നിയമ വിദഗ്ധര്‍, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുടെ അഭിപ്രായങ്ങളും സ്വരൂപിച്ചു. തുടര്‍ന്ന് മന്ത്രി തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്നാണ് പ്രോട്ടോകോളിന് അന്തിമ രൂപം നല്‍കിയത്. പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന് പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നിര്‍ബന്ധമായും കോഡ് ഗ്രേ പ്രോട്ടോകോള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ആശുപത്രി, ജീവനക്കാര്‍, രോഗികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കൂട്ടി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍, അതിക്രമം ഉണ്ടായാല്‍ സുരക്ഷ ഉറപ്പാക്കാനായുള്ള നടപടിക്രമങ്ങള്‍, റിപ്പോര്‍ട്ടിംഗ്, തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദമായി പ്രതിപാദിക്കുന്നതാണ് കോഡ് ഗ്രേ പ്രോട്ടോകോള്‍. ഇതോടൊപ്പം ജീവനക്കാര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാനും നിയമ പരിരക്ഷ ഉറപ്പാക്കാനുമുള്ള നിര്‍ദേശങ്ങളും പ്രോട്ടോകോളിലുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി 2012ലെ ആശുപത്രി സംരക്ഷണ നിയമം 2023ല്‍ കാതലായ പരിഷ്‌ക്കാരങ്ങളോടെ ഭേദഗതി വരുത്തി നിയമമാക്കി. ഇതുകൂടാതെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയാനും അതിക്രമമുണ്ടായാല്‍ പാലിക്കേണ്ടതുമായ നടപടിക്രമങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ കോഡ് ഗ്രേ പ്രോട്ടോകോള്‍ തയ്യാറാക്കിയത്.

അതിക്രമങ്ങള്‍ ചെറുക്കുന്നതിന് എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ബാധകമാകുന്ന തരത്തിലാണ് പ്രോട്ടോകോള്‍ തയ്യാറാക്കിയത്. പ്രോട്ടോകോള്‍ നടപ്പിലാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്നതാണ്. ആശുപത്രികളിലെ സെക്യൂരിറ്റി ഓഡിറ്റ് പൂര്‍ത്തിയാക്കിയിരുന്നു. ഈ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം സുരക്ഷ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കൃത്യമായ ഇടവേളകളില്‍ മോക് ഡ്രില്‍ സംഘടിപ്പിക്കും. ഈ പ്രോട്ടോകോള്‍ പ്രകാരം സുരക്ഷ ഉറപ്പാക്കാന്‍ ആശുപത്രി തലം മുതല്‍ സംസ്ഥാനതലം വരെ വിവിധ കമ്മിറ്റികള്‍ രൂപീകരിക്കും. കോഡ് ഗ്രേ പ്രോട്ടോകോള്‍ ആശുപത്രി അതിക്രമങ്ങളെ തടയുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മനോധൈര്യത്തോടുകൂടി ജോലി ചെയ്യാനുമുള്ള അന്തരീക്ഷമൊരുക്കാനും വലിയ പങ്ക് വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്‌സി. ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, എന്‍.എച്ച്‌.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ജീവന്‍ ബാബു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍, എസ്.എച്ച്‌.എ. ജോ. ഡയറക്ടര്‍ ഡോ. ബിജോയ് എന്നിവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം