പൗരത്വ നിയമഭേദഗതിയെ ശക്തമായി എതിര്‍ത്ത് തമിഴ്നാട്

തമിഴ്നാട്ടിൽ പൗരത്വ നിയമഭേദഗതിക്കെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എതിർപ്പ്. വിഭജന അജന്‍ഡയിലൂടെ നിയമത്തെ കേന്ദ്രം ആയുധവൽക്കരിച്ചെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആരോപിച്ചു. ചരിത്രപരമായ തെറ്റെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി പറഞ്ഞു. സി.എ.എ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഭരണകർത്താക്കൾ ഉറപ്പാക്കണമെന്ന് തമിഴക വെട്രിക്ക് കഴകം നേതാവ് വിജയും ആവശ്യപ്പെട്ടു.

പൗരത്വ നിയമം ഭേദഗതിക്കെതിരെ തമിഴ്നാടിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സിഎഎയെ നടപ്പാക്കില്ലെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി അധികാരത്തിൽ എത്തിയ ഡിഎംകെ ഈ വർഷത്തെ നയപ്രഖ്യാപനത്തിലും അത് ആവർത്തിച്ചിരുന്നു. ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന മനുഷ്യത്വത്തിന്‍റെ പ്രതീകമാകുന്നതിന് പകരം നിയമം മുസ്ലീങ്ങളോടും ശ്രീലങ്കൻ തമിഴരോടും വിവേചനം കാട്ടുന്നുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആരോപിച്ചു. കേന്ദ്രത്തിന്‍റെ വിഭജന അജണ്ട സിഎഎയെ ആയുധവൽക്കരിച്ചു. ബിജെപിയുടെ കപ്പൽ മുങ്ങാൻ ആയതോടെയാണ് പൂട്ടി വച്ചിരുന്ന സിഎഎ പുറത്തെടുത്തിരിക്കുന്നത്. ഇന്ത്യ ബിജെപിയോടും കൂട്ടുനിന്ന തമിഴ്നാട്ടിലെ അണ്ണാ.ഡിഎംകെയോടും ക്ഷമിക്കില്ലെന്നും സ്റ്റാലിൻ എക്സൽ കുറിച്ചു. മുൻപ് എൻഡിഎ സഖ്യത്തിൽ ആയതിനാൽ സിഎഎക്കെതിരെ തുറന്ന നിലപാട് സ്വീകരിക്കാൻ കഴിയാതിരുന്ന അണ്ണാ. ഡിഎംകെ ഇത്തവണ ശക്തമായി വിമർശനമാണ് ഉയർത്തിയിരിക്കുന്നത്.

ശ്രീലങ്കൻ തമിഴരോടും മുസ്ലിം വിഭാഗത്തിനോടും വിവേചനം കാണിക്കുന്ന സിഎഎ അംഗീകരിക്കാൻ ആകില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമി. സിഎഎ ചരിത്രപരമായ തെറ്റാണ്, തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനുള്ള വിഭജന ശ്രമം മാത്രം. രാജ്യത്തെ ജനങ്ങൾക്കൊപ്പം അണ്ണാ.ഡിഎംകെ ജനാധിപത്യപരമായി നീക്കത്തെ നേരിടുമെന്നും എടപ്പാടി എക്സിൽ കുറിച്ചു. തമിഴ്നാട്ടിൽ നിയമം നടപ്പാക്കില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് തമിഴക വെട്രിക് കഴകം നേതാവ് വിജയ് ആവശ്യപ്പെട്ടു. വിഭജന രാഷ്ട്രീയത്തിന്‍റെ ഭാഗമാണ് സിഎഎ. ജനങ്ങൾ ഒത്തൊരുമയോടെ ജീവിക്കുന്ന നാട്ടിൽ ഇത് അനുവദിച്ചു കൂടായെന്നും വിജയ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ചെന്നൈയിൽ വിവിധ കോളേജുകളിൽ എസ്എഫ്ഐ നേതൃത്വത്തിൽ പ്രതിഷേധവും നടന്നു

Share
അഭിപ്രായം എഴുതാം