മക്കൾ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതി -പി.കെ. കുഞ്ഞാലിക്കുട്ടി

കെ. കരുണാകരന്‍റെ മകൾ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മക്കൾ പോകുന്നത് വലിയ കാര്യമല്ലെന്നും ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതിയെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു
മക്കൾ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതി. അതിനൊന്നും രാഷ്ട്രീയ കേരളം പ്രാധാന്യം കൽപിക്കില്ല. പിതാക്കൻമാർ എടുക്കുന്ന രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കുന്ന നിലപാട് മക്കൾ സ്വീകരിച്ചാൽ അതിനെ ജനം ഉൾകൊള്ളില്ല. അത് അവരുടെ മണ്ടത്തരമായേ ആളുകൾ കാണൂ. പുച്ഛത്തോടെയേ രാഷ്ട്രീയ കേരളം കാണൂ. അത്തരം തീരുമാനങ്ങളുടെ കൂടെ ആളുകൾ ഉണ്ടാവില്ല. കൊണ്ടുപോകുന്നവർക്ക് കാര്യവുമുണ്ടാകില്ല -കുഞ്ഞാലിക്കുട്ടി പറഞ്ഞു.ബി.ജെ.പിക്ക് അത്ര പെട്ടെന്ന് ഇവിടെ വേരുണ്ടാക്കാൻ കഴിയില്ല. അവർ സ്വാഭാവികമായും പല പരീക്ഷണവും നടത്തി നോക്കും. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽകൈ ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം