ഇന്ത്യ’ മുന്നണി രൂപീകരിച്ച ശേഷം ബീഹാറില്‍ നടന്ന ആദ്യ പൊതുസമ്മേളനം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മതേതര പക്ഷത്തിന്റെ ശക്തി പ്രകടനമായി.
രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) സംഘടിപ്പിച്ച ജന്‍ വിശ്വാസ് മഹാറാലിയില്‍ പങ്കെടുക്കാന്‍ വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്. ബീഹാറില്‍ ബി ജെ പി വിരുദ്ധ സംഖ്യത്തിന്റെ കരുത്തു വിളിച്ചോതുന്നതായിരുന്നു റാലി.
പട്നയില്‍ ജന്‍ വിശ്വാസ് മഹാറാലിയില്‍ ഇന്ത്യാ സഖ്യത്തിന്റെ നേതാക്കളായ ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്, രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഡി രാജ, അഖിലേഷ് യാദവ് എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യ വെറുപ്പിന്റെ രാജ്യമല്ലെന്നും മുതലാളിമാര്‍ക്ക് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലകൊള്ളു ന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ മേഖലകളെയും മോദി സര്‍ക്കാര്‍ തകര്‍ത്തതായും രാജ്യത്തിനു വേണ്ടി താന്‍ മരിക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
മോദി നുണ ഫാക്ടറിയാണെന്നും ദാരിദ്ര്യവും തൊഴിലില്ലായ്മയും മറക്കാനായി നുണ പറയുകയാണെന്നും ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. കണ്ണട തുടച്ച് യാഥാര്‍ഥ്യങ്ങള്‍ കാണാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെത് സീറോ ഗ്യാരന്റിയാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു. അനാരോഗ്യം മൂലം മാറി നില്‍ക്കുകയായിരുന്ന ലാലുപ്രസാദ് യാദവ് ജനങ്ങള്‍ക്കിടയിലേക്ക് ഇന്ന് വീണ്ടുമിറങ്ങും.