ബെംഗളൂരു കഫേയിലെ സ്ഫോടനം; ഒരാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. ബെംഗളൂരു സ്വദേശിയാണ് പിടിയിലായത്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ ഏജൻസികൾ പുറത്തുവിട്ടിട്ടില്ല. പിടിയിലായ ആളെ സെൻട്രൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു.

കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചിരുന്നു. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണെന്ന് സംശയിക്കുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. സ്ഫോടനത്തിൽ പരിക്കേറ്റ 9 പേർ ചികിത്സയിലാണ്. സ്ഫോടനത്തിന് മുമ്പ് ഒരാൾ ബാ​ഗുമായി കഫേയിലെത്തുന്നത് ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.

വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫേയിലാണ് സ്ഫോടനമുണ്ടായത്. എന്താണ് സംഭവിച്ചത് എന്ന് വിശദമായി പരിശോധിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഐഇഡി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ടെന്നും സിസിടിവി അടക്കം വിശദമായി പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, സ്ഫോടനം നടന്നതിന് അടുത്ത് ഒരു ബാഗ് ഉണ്ടായിരുന്നു എന്ന് ഉടമസ്ഥർ പറയുന്നു. സ്ഫോടനത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഗ്യാസ് ലീക്ക് സംഭവിച്ചതല്ല എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആളുകൾ ചിതറി ഓടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. നല്ല ആൾത്തിരക്കുള്ള ഇടത്താണ് സ്ഫോടനം നടന്നത്. കഫേയിൽ എഫ്എസ്എൽ വിദഗ്ധരുടെ പരിശോധന തുടരുകയാണ്.

Share
അഭിപ്രായം എഴുതാം