കാട്ടാന ആക്രമണം; കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ പ്രഖ്യാപിച്ച് കെപിസിസി

കൊല്ലം: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജീഷിന്റെ കുടുംബത്തിന് കോണ്‍ഗ്രസ് 15 ലക്ഷം രൂപ നല്‍കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ച 15 ലക്ഷം രൂപ കുടുംബം നിഷേധിച്ചിരുന്നു. പിന്നാലെയാണ് കെപിസിസി തുക നല്‍കാമെന്ന് അറിയിച്ചത്. കര്‍ണാടകയില്‍ നിന്നെത്തിയ മോഴയാന ബേലൂര്‍ മഖ്നയാണ് അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
വയനാട് എംപിയായ രാഹുല്‍ ഗാന്ധി അജീഷിന്റെ കുടുംബം സന്ദര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് കര്‍ണാടക നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ഇതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് അജീഷിന്റെ കുടുബം നഷ്ടപരിഹാരം നിഷേധിച്ചത്.
ധനസഹായത്തിനായി ഇടപെട്ട രാഹുല്‍ ഗാന്ധി എംപിക്കും കര്‍ണാടക സര്‍ക്കാരിനും നന്ദി അറിയിച്ച കുടുംബം, ബിജെപിയുടേത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും വേട്ടക്കാരനൊപ്പം ഓടുകയും മുയലിനൊപ്പം കരയുകയും ചെയ്യുന്ന നടപടി കാപട്യമെന്നും കുറ്റപ്പെടുത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം