സംവിധായകൻ കുമാർ സാഹ്നി അന്തരിച്ചു

മുംബൈ: ഇന്ത്യൻ സമാന്തര സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി അന്തരിച്ചു. 83 വയസായിരുന്നു അദ്ദേഹത്തിന്. 1972, 1984, 1991 വർഷങ്ങളിൽ ദേശീയ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.

പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കിയ ശേഷം ഋത്വിക് ഘട്ടക്കിന്‍റെ ശിഷ്യനായാണ് സിനിമയിലേക്കുള്ള പ്രവേശനം. 1972ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ മായാദർപ്പൺ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മികച്ച ഹിന്ദി സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം അതിലൂടെ സ്വന്തമാക്കുകയും ചെയ്തു.

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് തരംഗ് എന്ന രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. തുടർന്ന് സംവിധാനം ചെയ്ത ഖായൽ ഗാഥ, കസ്ബ, ചാർ അധ്യായ് എന്നീ സിനിമകളും ദേശീയ, അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

നിരവധി ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്‍ററികളും സംവിധാനം ചെയ്തിട്ടുള്ള കുമാർ സാഹ്നി, എഴുത്തുകാരൻ എന്ന നിലയിലും അധ്യാപകൻ എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ സമിതി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

1940ൽ സിന്ധിൽ ജനിച്ച സാഹ്നി, ഇന്ത്യ വിഭജനത്തിനു ശേഷമാണ് പാക്കിസ്ഥാനിൽനിന്ന് മുംബൈയിലേക്കു കുടിയേറിയത്.

Share
അഭിപ്രായം എഴുതാം