നയിക്കാന്‍ ഹിറ്റ്മാനില്ല; ഒരു മണിക്കൂറില്‍ മുംബൈയെ കൈയ്യൊഴിഞ്ഞത് നാല് ലക്ഷം ആരാധകര്‍

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രോഹിത് ശര്‍മയെ നീക്കിയതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി ആരാധകര്‍. 2024 ഐപിഎല്‍ സീസണില്‍ രോഹിത്തിന് പകരക്കാരനായി ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനെ നയിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ക്ലബ്ബ് അറിയിച്ചത്. പ്രഖ്യാപനമെത്തി വെറും ഒരു മണിക്കൂറിനുള്ളില്‍ നാല് ലക്ഷം ആരാധകരെയാണ് മുംബൈ ഇന്ത്യന്‍സിന് നഷ്ടമായത്.

സമൂഹമാധ്യമമായ എക്സില്‍ 8.6 മില്യണ്‍ ഫോളോവേഴ്സായിരുന്നു മുംബൈ ഇന്ത്യന്‍സിനുണ്ടായിരുന്നത്. രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയ പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിനുള്ളില്‍ ഇത് 8.2 മില്യണ്‍ ആയി കുറഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ പഴയ ട്വീറ്റുകള്‍ക്ക് താഴേയും ആരാധകര്‍ രോഷത്തോടെ കമന്റ് ചെയ്യുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലും മുംബൈ ഇന്ത്യന്‍സിന് കാര്യമായ തിരിച്ചടിയാണ് ഏറ്റത്. ഇതുവരെ 1.5 ലക്ഷം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് ആണ് മുംബൈ ഇന്ത്യന്‍സിന് നഷ്ടമായത്.

അപ്രതീക്ഷിതമായാണ് രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി നിയമിക്കുന്നുവെന്ന് മുംബൈ ഇന്ത്യന്‍സ് പ്രഖ്യാപിക്കുന്നത്. മാറ്റത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നായിരുന്നു ക്ലബ്ബിന്റെ പ്രതികരണം. കഴിഞ്ഞ പത്ത് വര്‍ഷമായി രോഹിത് ശര്‍മ്മയാണ് മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ നേടിയ അഞ്ച് കിരീടങ്ങളും ഹിറ്റ്മാന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു.

മുന്‍ ഐപിഎല്‍ കിരീടജേതാക്കളും കഴിഞ്ഞ സീസണിലെ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ ഈ സീസണിലാണ് പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുവരുന്നത്. അന്ന് മുതലേ പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ നായകനായേക്കുമെന്നും രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍സി ഒഴിയുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Share
അഭിപ്രായം എഴുതാം