കോഴിക്കോട് വടകരയിൽ യുവതി ജീവനൊടുക്കിയത് ഭർതൃവീട്ടിലെ ഗാർഹിക പീഡനം മൂലമെന്ന് ബന്ധുക്കൾ

കോഴിക്കോട്: വടകര ഓർക്കാട്ടേരിയിലെ യുവതിയുടെ മരണം ഗാർഹിക പീഡനം മൂലമെന്ന് ബന്ധുക്കളുടെ ആരോപണം. കുന്നുമ്മക്കര സ്വദേശി തണ്ടാർ കണ്ടി ഹമീദിന്റെ ഭാര്യ ഷെബിനയെയാണ് കഴിഞ്ഞ തിങ്കളാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ എടച്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്.

ഡിസംബർ നാലിന് രാത്രിയാണ് ഭർതൃ വീട്ടിൽ ഷെബിന തൂങ്ങി മരിച്ചത്. ഭർത്തൃ വീട്ടിൽ നിന്നും ഉമ്മയുടെയും സഹോദരിയുടെയും നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറഞ്ഞത്. വീട് നിർമ്മിക്കാൻ പണം വേണമെന്നുൾപ്പടെ ആവശ്യപ്പെട്ട് ഭർത്താവിന്റെ ബന്ധുക്കൾ നിരന്തരം മാനസിക പീഡനം ഏൽപ്പിച്ചുവെന്ന് ഷെബിനയുടെ ബന്ധുക്കൾ പറഞ്ഞു.

120 പവൻ സ്വർണം നൽകിയാണ് വിവാഹം ചെയ്തതെന്നും എന്നാൽ ഇപ്പോൾ സ്വർണം കാണാനില്ലെന്നും ആരോപണമുണ്ട്. ബന്ധുക്കൾ എടച്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്.

ആത്മഹത്യ ചെയ്യാനുള്ള സാഹചര്യങ്ങളുണ്ടായിട്ടും വാതിലടച്ചപ്പോൾ ജീവൻ രക്ഷിക്കാനുള്ള ശ്രമം നടത്തിയില്ലെന്നും ആരോപണമുണ്ട്. എടച്ചേരി പോലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു. അരൂരിലെ പുളിയം വീട്ടിൽ അമ്മത്-മറിയം ദമ്പതികളുടെ മകളാണ് ഷെബിന.

Share
അഭിപ്രായം എഴുതാം