ആനക്കൊമ്പുമായി അഞ്ചുപേർ അറസ്റ്റിൽ; പിടികൂടിയത് നാലുകോടി മൂല്യമുള്ള കൊമ്പുകൾ

കോഴിക്കോട്∙ കോഴിക്കോട് വിൽപ്പനയ്ക്കെത്തിച്ച ആനക്കൊമ്പുമായി അഞ്ചുപേരെ ഫോറസ്റ്റ് ഇന്റലിജൻസ് പിടികൂടി. താമരശേരി സ്വദേശി ദ്വീപേഷ്, തിരുവണ്ണൂർ സ്വദേശി സലീം, മുഹമ്മദ് മുബീൻ, ജിജേഷ് എന്നിവരും പിന്നീട് നിലമ്പൂർ സ്വദേശിയുമാണ് പിടിയിലായത്. ഇവരിൽ നിന്ന് നാലുകോടി മൂല്യമുള്ള ആനക്കൊമ്പാണ് കണ്ടെത്തിയത്.

കോഴിക്കോട് ചെറുകുളം ഭാഗത്ത് നിന്നും ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലും കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ച് സ്റ്റാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് മൂന്ന് സ്‌കൂട്ടറും ആനക്കൊമ്പ് കടത്താനുപയോഗിച്ച കാറും പിടിച്ചെടുത്തു. പ്രതികളുടെ സഹായികളായ രണ്ടുപേർ ഒളിവിലാണ്.

നിലമ്പൂർ കരുളായി റേഞ്ചിൽ നിന്നുള്ള കാട്ടാനയുടെ കൊമ്പാണ് ഇവർ വിൽപ്പനയ്‌ക്ക് എത്തിച്ചത്. നാലുകോടി വിലപറഞ്ഞതിന് ശേഷമാണ് ആനക്കൊമ്പ് കൊണ്ടുവന്നത്. ഫോറസ്റ്റ് ഇന്റലിജൻസിന്റെ സമീപകാലത്തെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാണിത്. രണ്ടുവർഷത്തെ പ്രയത്നത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്.

Share
അഭിപ്രായം എഴുതാം