അറബിക്കടലിൽ ചക്രവാതചുഴി, ലക്ഷദ്വീപിനു സമീപം ന്യൂനമർദമാകും: കേരളത്തിൽ മഴയ്ക്ക് സാധ്യത

അറബിക്കടലിൽ മാലിദ്വീപിനു സമീപം ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. വരും ദിവസങ്ങളിൽ ലക്ഷദ്വീപിനു സമീപമെത്തി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് വിവിധ കാലാവസ്ഥ മോഡലുകൾ സൂചന നൽകുന്നു. പ്രാഥമിക സൂചന പ്രകാരം കേരള തീരത്തേക്ക് നീങ്ങുന്നില്ലെങ്കിലും വരും ദിവസങ്ങളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇക്കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ വ്യക്തതയുണ്ടാകും.

അതേസമയം, മിഷോങ് ചുഴലിക്കാറ്റ് വടക്ക് കിഴക്കൻ തെലുങ്കാന-തെക്കൻ ഒഡിഷ-തീരദേശ ആന്ധ്രയ്ക്ക്‌ മുകളിലായി തീവ്രന്യൂനമർദമായി ദുർബലമായി. വരും മണിക്കൂറിൽ ന്യൂനമർദമായി വീണ്ടും ദുർബലമാകും. ചെന്നൈയിൽ കനത്ത നാശനഷ്ടം വിതച്ചാണ് മിഷോങ് ആന്ധ്രയിലേക്ക് കടന്നത്. 17 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2015ൽ പ്രളയമുണ്ടായപ്പോൾ 289 മരണമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. അതിനേക്കാൾ കൂടുതൽ മഴയാണ് ചെന്നൈയില്‍ പെയ്തത്. പലഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിൽ തന്നെയാണ്.

ഈ വർഷം ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊണ്ട ആറാമത്തെയും ബംഗാൾ ഉൾക്കടലിലെ നാലാമത്തെയും ചുഴലിക്കാറ്റാണ് ‘മിഷോങ്’. മ്യാൻമർ ആണ് ഈ ചുഴലിക്കാറ്റിന് പേര് നൽകിയത്.

Share
അഭിപ്രായം എഴുതാം