കായിക മേളയിൽ പങ്കെടുത്ത് വീട്ടിലെത്തിയ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു

പത്തനംതിട്ട: ജില്ല സ്റ്റേഡിയത്തിൽ കോന്നി ഉപജില്ല കായിക മേളയിൽ പങ്കെടുത്തശേഷം വീട്ടിലെത്തിയ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു. അഴൂർ പാട്ടത്തിൽ വീട്ടിൽ മനുവിന്റെയും ദീപയുടെയും മകൻ വിഗ്‌നേഷ് മനു (15) ആണ് മരിച്ചത്. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.

ചൊവ്വാഴ്ച ഉച്ചക്ക് കായിക മേള കഴിഞ്ഞ് വീട്ടിലെത്തിയ വിഗ്‌നേഷ് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ കോഴഞ്ചേരിയിൽ വെച്ചായിരുന്നു അന്ത്യം. ബുധനാഴ്ച രാവിലെ 10.30ന് നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ഉച്ചക്ക് ശേഷം മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും.

ജില്ല സ്റ്റേഡിയത്തിൽ 3000 മീറ്റർ ഓട്ട മത്സരത്തിന് ശേഷമാണ് വിഗ്നേഷ് വീട്ടിലെത്തിയത്. നേരത്തെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിഗ്നേഷിന്റെ സഹോദരി വൈഗ നേതാജി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ഹോട്ടൽ ജീവനക്കാരനായിരുന്ന മനു നിലവിൽ വീട്ടിൽ കാറ്ററിങ് നടത്തുകയാണ്.

Share
അഭിപ്രായം എഴുതാം