ഫുട്‌ബോള്‍, വനിതാ ക്രിക്കറ്റ്, വോളി ഇന്ന് ആരംഭിക്കും

ഏഷ്യന്‍ ഗെയിംസിന്
ഒരുങ്ങി ഹ്വാങ്ഷൂ

ഹ്വാങ്ഷൂ: ഏഷ്യന്‍ വന്‍കരയുടെ ഒളിമ്പിക്‌സ്-ഏഷ്യന്‍ ഗെയിംസ് 23ന് ആരംഭിക്കാനിരിക്കെ അവസാനവട്ട ഒരുക്കത്തിലാണ് മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ചൈനീസ് നഗരമായ ഹ്വാങ്ഷൂ. 19-ാമത് ഏഷ്യന്‍ഗെയിംസില്‍ 40 കായിക ഇനങ്ങളില്‍ 61 വിഭാഗങ്ങളില്‍ 56 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇത്തവണ ഏഷ്യന്‍ഗെയിംസിന് അയക്കുന്നത്. 655 അത്‌ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
മേളയുടെ ഉദ്ഘാടനച്ചടങ്ങ് 23നും സമാപനച്ചടങ്ങുകള്‍ ഒക്‌ടോബര്‍ എട്ടിനുമാണ് നടക്കുക. ഹോക്കി, ബോക്‌സിംഗ് ഇനങ്ങളും ഇത്തവണ പാരീസ് ഒളിമ്പിക്‌സിനുള്ള യോഗ്യതാമത്സരമായി പരിഗണിക്കും.
ഉദ്ഘാടനം 23ന് ആണെങ്കിലും മേളയില്‍ ടീം ഇനങ്ങളിലെ പ്രാഥമിക മത്സരങ്ങള്‍ ഇന്നാരംഭിക്കും. പുരുഷ-വനിതാ ഫുട്‌ബോള്‍, ബീച്ച് വോളി, വനിതാ ക്രിക്കറ്റ്, പുരുഷ വോളി മത്സരങ്ങളാണ് ഇന്ന് ആരംഭിക്കുക. ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകളുടെ ആദ്യ മത്സരം 21നാണ്. പുരുഷ ടീമിന്റെ ആദ്യ മത്സരം സെപ്റ്റംബര്‍ 27നു നടക്കും.
വോവിംഗ് ഉള്‍പ്പെടെയുള്ളവ നാളെയും ആരംഭിക്കും. മേളയുടെ പ്രധാന ഇനമായ അത്‌ലറ്റിക്‌സ് 29നാണ് ആരംഭിക്കുക. ലോക ജേതാവായ ജാവലിന്‍ താരം നീരജ് ചോപ്ര നയിക്കുന്ന 68 അംഗ സംഘമാണ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഹോക്കിയില്‍ കിരീടമണിഞ്ഞ് പാരീസ് ഒളിമ്പിക്‌സ് യോഗ്യത ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ടീം. ദക്ഷിണ കൊറിയ, പാകിസ്താന്‍ ടീമുകള്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തും. ലോക ഹോക്കിയില്‍ ചക്രവര്‍ത്തിമാരായി വാണപ്പോഴും ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയുടെ റെക്കോഡ് അത്ര മികച്ചതല്ല. മൂന്നുതവണ മാത്രമാണ് ഇന്ത്യക്ക് സ്വര്‍ണമണിയാന്‍ സാധിച്ചത്. ഒന്‍പത് വെള്ളിമെഡല്‍ നേടി.
2022ല്‍ നടക്കേണ്ട ഗെയിംസ് കോവിഡ് -19 മഹാമാരിയെത്തുര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്.

Share
അഭിപ്രായം എഴുതാം