ചൈനയും മണിപ്പൂരും: ചില ചിന്തകളും ചരിത്രവും

സ്വതന്ത്ര ഇന്ത്യയില്‍ 1949ല്‍ ലയിച്ചിരുന്നെങ്കിലും 23 വര്‍ഷങ്ങള്‍ക്ക് ശേഷം 1972ലാണ് മണിപ്പൂര്‍ എന്ന സംസ്ഥാനം രൂപവത്കൃതമാകുന്നത്. ഇന്ത്യയുമായി ലയിക്കുന്നതില്‍ മെയ്തേയ് വിഭാഗത്തിന് അന്നേ എതിര്‍പ്പുകളുണ്ടായിരുന്നു. ബംഗ്ലാദേശ് പോലെ സ്വന്തമായൊരു രാജ്യം രൂപവത്കരിക്കലായിരുന്നു അവരുടെ ആവശ്യം. ഇതിന്റെ പശ്ചാത്തലത്തില്‍ 1964ല്‍ യുനൈറ്റഡ് നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന പാര്‍ട്ടിയും ശേഷം റെവല്യൂഷനറി ഗവണ്മെന്റ് ഓഫ് മണിപ്പൂര്‍ സംഘടനയും ഉണ്ടായി. റെവല്യൂഷനറി ഗവണ്മെന്റ് ഓഫ് മണിപ്പൂര്‍ ഒരു സായുധ സംഘടനയായിരുന്നു. ഈ സംഘടന എന്‍ ബിശേശ്വര്‍ സിംഗിന്റെ നേതൃത്വത്തില്‍ നക്്സലിസവുമായി ബന്ധം സ്ഥാപിച്ച് 1978ല്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുണ്ടാക്കി.
അതോടെ തീവ്ര നിലപാടുകള്‍ സ്വീകരിക്കുകയും അങ്ങിങ്ങായി അക്രമങ്ങള്‍ സംഘടനയുടെ കീഴില്‍ നടക്കുകയും ചെയ്തു. മണിപ്പൂരില്‍ വിവിധ ഗോത്രങ്ങള്‍ക്കിടയില്‍ നിരന്തരമായി സായുധ സംഘട്ടനങ്ങള്‍ അരങ്ങേറിയിരുന്നു. ഇടക്കിടെ ഉണ്ടാകുന്ന ആസ്വാരസ്യങ്ങളുടെയും സംഘര്‍ഷങ്ങളുടെയും തുടര്‍ച്ചയായിട്ടാണ് 1958ല്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന ആംഡ് ഫോഴ്‌സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ട് (എ എഫ് എസ് പി എ-1958) വരുന്നത്. തൊണ്ണൂറുകളുടെ ആരംഭത്തില്‍ നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡിന്റെ നേതൃത്വത്തില്‍ മണിപ്പൂരില്‍ ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. തൊട്ടു പിന്നാലെ 1993ല്‍ വലിയൊരു കലാപം അരങ്ങേറുകയും നൂറിലേറെ പേര്‍ക്ക് ജീവഹാനി നേരിടേണ്ടി വരികയും ചെയ്തു.
മണിപ്പൂരിലെ കലാപങ്ങളില്‍ വലിയൊരു ശതമാനവും ഗോത്രങ്ങള്‍ക്കിടയിലെ അസ്വാരസ്യങ്ങളായിരുന്നു മൂലകാരണം. മണിപ്പൂരിനെ ഭൂമിശാസ്ത്രപരമായി രണ്ടായി തരം തിരിക്കാം. മലമ്പ്രദേശങ്ങളും താഴ്വരകളും. ഭൂമിയുടെ തൊണ്ണൂറ് ശതമാനവും മലമ്പ്രദേശങ്ങളാണ്. ശേഷിക്കുന്ന പത്ത് ശതമാനം താഴ്വരയും. മണിപ്പൂര്‍ ജനസംഖ്യയുടെ 35 ശതമാനം ഈ മലമ്പ്രദേശങ്ങളില്‍ കഴിയുന്നു. പത്ത് ശതമാനം വരുന്ന താഴ്വരയിലാണ് 65 ശതമാനം ജനങ്ങളും ജീവിക്കുന്നത്. 60 നിയമസഭാ സീറ്റുകളില്‍ 40ഉം ഈ മേഖലയിലാണ്. മെയ്തേയ് വിഭാഗമാണ് ഇവിടെ അധികവും. മണിപ്പൂരി ഭാഷയെ പ്രതിനിധീകരിക്കുന്നവരാണവര്‍. മലമ്പ്രദേശത്ത് അധികവും കുക്കികളാണ്.
മലമ്പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്ക് ഭരണഘടന അനുവദിക്കുന്ന സവിശേഷ പരിഗണനയിലേക്ക് മെയ്തേയ് വിഭാഗത്തെയും ഉള്‍പ്പെടുത്തലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിര്‍ദേശമായിരുന്നു പുതിയ സംഘര്‍ഷങ്ങളുടെ അടിസ്ഥാന കാരണം. കാലങ്ങളായി മലമ്പ്രദേശങ്ങളില്‍ സര്‍വേ നടത്തി ചില വനപ്രദേശങ്ങളെ സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ച് കുക്കികള്‍ ഭൂരിപക്ഷമുള്ള മേഖലകളില്‍ കുടിയിറക്കപ്പെടുകയും മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. മലമ്പ്രദേശ ജനതയില്‍ ഈ നീക്കം സംശയമുണ്ടാക്കി. കോടതി എന്തു പറഞ്ഞു എന്നതല്ല. അതിനെ തത്പര കക്ഷികള്‍ എങ്ങനെ ഉപയോഗപ്പെടുത്തി എന്നിടത്ത് നിന്നാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. കുക്കികളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഒരു നടപടിയുമുണ്ടായില്ല. ഇത് നേരത്തേയുള്ള അന്യവത്കരണം ശക്തമാകാന്‍ കാരണമായി.
മണിപ്പൂരടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഭ്യന്താരാഷ്ട്രീയം എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന രീതിയിലാണ്. തദ്ദേശീയരായ ഗോത്രങ്ങളും അഭയാര്‍ഥികളായി വന്ന് വര്‍ഷങ്ങളോളം വസിക്കുന്നവര്‍ക്കിടയിലുമാണ് സംഘര്‍ഷങ്ങള്‍ മിക്കതുമുണ്ടാകുന്നത്. ബംഗ്ലാദേശ്, മ്യാന്മര്‍ എന്നീ രാജ്യങ്ങളുമായാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്നത്. ബംഗ്ലാദേശ് വിഭജന സമയത്ത് ബംഗ്ലാദേശിലെ ഗോത്രങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അഭയാര്‍ഥികളായി കുടിയേറിയിരുന്നു. അന്ന് ഇന്ദിരാഗാന്ധി ഭരണകൂടം അഭയാര്‍ഥികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് അഭയം നല്‍കി.
2021ല്‍ മ്യാന്മറില്‍ നടന്ന സൈനിക ആട്ടിമറിക്ക് ശേഷം കുക്കി ഗോത്രമായും മിസോ ഗോത്രമായും ബന്ധം പുലര്‍ത്തിയിരുന്ന ചിന്‍ സമുദായത്തിലെ അതിദുര്‍ബലര്‍ മണിപ്പൂരടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങി.
മറ്റ് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് മണിപ്പൂരടക്കം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. ചൈനയുമായും ഈ പ്രദേശങ്ങള്‍ക്ക് ബന്ധമുണ്ട്. അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ കൃത്യമായി നയങ്ങള്‍ ആവിഷ്‌കരിക്കുകയും അതില്‍ വ്യക്തമായ നിലപാടെടുക്കുകയും ചെയ്യുന്ന രാജ്യമാണ് ചൈന. ചൈനക്ക് ഇന്ത്യന്‍ ഭൂപ്രദേശങ്ങളില്‍ സവിശേഷ ശ്രദ്ധയുണ്ടെന്ന് ആരും പറയാതെ തന്നെ നമുക്ക് അറിയുന്നതാണ്. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈനയുടെ സൈനിക താവളങ്ങള്‍ പ്രത്യക്ഷപ്പെട്ടതും ഏത് ലക്ഷ്യത്തിനാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആക്രമണമോ അധിനിവേശമോ എപ്പോള്‍ വേണമെങ്കിലും ചൈനയുടെ ഭാഗത്തു നിന്ന് ഭയപ്പെടേണ്ടതാണ്. ആ തരത്തിലുള്ള നയതന്ത്രങ്ങളാണ് രാഷ്ട്രീയമായും ചൈന നടപ്പാക്കുന്നത്. മണിപ്പൂരിലെ തദ്ദേശീയര്‍ക്ക് ചൈന കാലങ്ങള്‍ക്ക് മുമ്പ് തന്നെ വിസാ സൗകര്യം ഏര്‍പ്പെടുത്തി ഗതാഗതം സുതാര്യമാക്കിയതാണ്. ചൈനയുമായി തദ്ദേശീയ ജനത കൂടുതല്‍ അടുപ്പം പുലര്‍ത്താന്‍ ഈ നടപടി ഗുണം ചെയ്യും. അതിനിടക്ക് നടക്കുന്ന ഇത്തരം കലാപങ്ങള്‍ ചെറിയ അക്രമ സംഘങ്ങളുടെ കടന്നുവരവിന് സൗകര്യമൊരുക്കിയേക്കാം. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ പുറംശക്തികള്‍ക്ക് കയറിക്കളിക്കാനുള്ള അവസരമായി മാറിയാല്‍ മണിപ്പൂര്‍ വിചാരിക്കുന്നതിലധികം പ്രശ്നകലുഷിതമാകുമെന്ന് മനസ്സിലാക്കി രാഷ്ട്രീയ പരിഹാരം ഉടനടിയുണ്ടാകേണ്ടത് സുരക്ഷയുടെ കൂടി താത്പര്യമാണ്

Share
അഭിപ്രായം എഴുതാം