യു.എസ് ഓപ്പണ്‍:ഇഗ സ്വാറ്റെക് പുറത്ത്,ജോക്കോവിച്ച് ക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: 2023 യു.എസ്.ഓപ്പണില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ വനിതാതാരം ഇഗ സ്വാറ്റെക് പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ 20-ാം സീഡായ യെലേന ഒസ്റ്റപെങ്കോയാണ് ഇഗയെ അട്ടിമറിച്ചത്. പുരുഷവിഭാഗത്തില്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒസ്റ്റപെങ്കോ ഇഗയെ കീഴടക്കിയത്. ആദ്യ സെറ്റ് നേടിയശേഷമാണ് ഇഗ തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 6-3, 3-6,1-6. ജയത്തോടെ ഒസ്റ്റപെങ്കോ ക്വാര്‍ട്ടറിലേക്കു മുന്നേറി. ക്വാര്‍ട്ടറില്‍ കൊക്കോ ഗൗഫാണ് എതിരാളി. ലോക ആറാം നമ്പര്‍ താരമായ ഗൗഫ് പ്രീ ക്വാര്‍ട്ടറില്‍ കരോലിന്‍ വോസ്‌നിയാക്കിയെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-3, 3-6, 6-1.

പുരുഷവിഭാഗം പ്രീക്വാര്‍ട്ടറില്‍ ജോക്കോവിച്ച് ബോര്‍ണ ഗോജോയെ തകര്‍ത്താണ് അവസാന എട്ടിലേക്ക് എത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോക്കോയുടെ വിജയം. സ്‌കോര്‍: 6-2, 7-5, 6-4. ക്വാര്‍ട്ടറില്‍ ടെയ്‌ലര്‍ ഫ്രിറ്റ്‌സാണ് ജോക്കോവിച്ചിന്റെ എതിരാളി. പ്രീക്വാര്‍ട്ടറില്‍ ഫ്രിറ്റ്‌സ്, ഡൊമിനിക്ക് സ്റ്റെഫാന്‍ സ്ട്രിക്കറിനെ തകര്‍ത്തു. സ്‌കോര്‍: 7-6, 6-4, 6-4. മറ്റൊരു പ്രീക്വാര്‍ട്ടറില്‍ റിങ്കി ഹിജികാറ്റയെ കീഴടക്കി ഫ്രാന്‍സെസ് ടിയാഫോയും ക്വാര്‍ട്ടറിലേക്ക് മുന്നേറി.

പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ ആസ്‌ട്രേലിയയുടെ മാത്യു എബ്ഡന്‍ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ബ്രിട്ടന്റെ ജൂലിയന്‍ കാഷ്-ഹെന്റി പാറ്റേണ്‍ സഖ്യത്തെയാണ് പ്രീക്വാര്‍ട്ടറില്‍ കീഴടക്കിയത്.

Share
അഭിപ്രായം എഴുതാം