കണ്ണനു നാളെ പിറന്നാൾ : കൃഷ്ണചരിത വർണനയിൽ ആറാടി ഗുരുവായൂർ.

ഗുരുവായൂർ :. ശ്രീകൃഷ്ണന്റെ പിറന്നാൾദിനമായ അഷ്ടമിരോഹിണിയുടെ ഭാഗമായി കൃഷ്ണചരിതമുഖരിതമായി ഗുരുവായൂർ ക്ഷേത്രസന്നിധി. അഞ്ച് ആചാര്യന്മാർ ചേർന്നുള്ള ഭാഗവതപാരായണവും കൃഷ്ണലീലാവർണനയും രാവിലെ അഞ്ചിനു തുടങ്ങിയാൽ വൈകുന്നേരം ദീപാരാധനവരെ നീളുകയാണ്. കേൾക്കാൻ ആധ്യാത്മിക ഹാൾ നിറഞ്ഞ് ഭക്തരും.ബുധനാഴ്ച രാവിലെ ഒമ്പതിനും രാത്രിയിലും ശ്രീകൃഷ്ണാവതാരം പാരായണം ചെയ്ത് വർണിക്കും. ഓഡിറ്റോറിയത്തിൽ രാത്രി പത്തിന് കൃഷ്ണനാട്ടം കഥ അരങ്ങേറും. രാവിലെ വി.ഐ.പി.മാർക്ക് പ്രത്യേക ദർശനസൗകര്യം ഉണ്ടാകില്ല. വരിയിൽ നിൽക്കാതെ തൊഴാനുള്ള നെയ്‌വിളക്ക് ശീട്ടാക്കുന്നവർക്ക് പരിഗണന നൽകും. ചോറൂൺ വഴിപാട് നടത്തുന്ന കുട്ടികളെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കില്ല. ചോറൂൺ നടത്താൻ കഴിയും. രാവിലെ ആറു മുതൽ ഉച്ചതിരിഞ്ഞ് രണ്ടു വരെ ശയനപ്രദക്ഷിണം അനുവദിക്കില്ല.

പിറന്നാൾ സദ്യ രാവിലെ ഒമ്പതിന് തുടങ്ങും. വൈകീട്ട് നാലുവരെ സദ്യവിളമ്പും. ഉച്ചയ്ക്ക് രണ്ടിന് വരിയിലേക്കുള്ള പ്രവേശനം നിർത്തും. 40,000 പേർക്കാണ് സദ്യ ഒരുക്കുന്നത്. രാവിലെ ഏഴിന് മേളത്തോടെയും ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് പഞ്ചവാദ്യത്തോടെയും കാഴ്ചശ്ശീവേലിയുണ്ടാകും. മേളത്തിന് തിരുവല്ല രാധാകൃഷ്ണനും പഞ്ചവാദ്യത്തിന് കരിയന്നൂർ നാരായണൻ നമ്പൂതിരിയുമാണ് പ്രമാണം.

Share
അഭിപ്രായം എഴുതാം