ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് രജനികാന്ത്; :

തമിഴ് സൂപ്പർതാരം രജനികാന്ത്ഉ ത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചു. യോഗിയുടെ ലഖ്നൌവിലെ വീട്ടിലാണ് രജനി അതിഥിയായി എത്തിയത്. രജനികാന്ത് നായകനായ സൂപ്പർഹിറ്റ് ചിത്രം ജയിലറിൻറെ ഒരു പ്രത്യേക പ്രദർശനം 2023 ഓ​ഗസ്റ്റ് 19ന് ലഖ്നൗവിൽ നടന്നിരുന്നു. യോഗി ആദിത്യനാഥുമായുള്ള രജനിയുടെ കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ കാൽ തൊട്ട് വന്ദിച്ചാണ് രജനി ഉപചാരം പ്രകടിപ്പിക്കുന്നത്.

യോഗി ആദിത്യനാഥിനൊപ്പം ജയിലർ കാണാനുള്ള തൻറെ ആഗ്രഹത്തെക്കുറിച്ച് ലഖ്നൌ യാത്രയ്ക്ക് മുൻപ് രജനികാന്ത് മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു. “മുഖ്യമന്ത്രിക്കൊപ്പം ഞാൻ ചിത്രം കാണും. സിനിമയുടെ വിജയം മുകളിൽ നിന്നുള്ള അനുഗ്രഹമായാണ് എനിക്ക് അനുഭവപ്പെടുന്നത്”, രജനി പറഞ്ഞിരുന്നു. ഝാർഖണ്ഡിൽ നിന്നാണ് രജനികാന്ത് ഉത്തർപ്രദേശിലേക്ക് എത്തിയത്. ഝാർഖണ്ഡിലെ ഛിന്നമസ്ത ക്ഷേത്രം അദ്ദേഹം സന്ദർശിച്ചിരുന്നു. ഝാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണനുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഓ​ഗസ്റ്റ് 20 ഞായറാഴ്ച അദ്ദേഹം അയോധ്യ സന്ദർശിക്കും.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ അവിടെ ചിത്രം കാണാൻ എത്തിയിരുന്നു. “ജയിലർ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. രജനികാന്തിൻറെ നിരവധി ചിത്രങ്ങൾ മുൻപ് കണ്ടിട്ടുള്ള എനിക്ക് അദ്ദേഹത്തിൻറെ പ്രതിഭ എന്തെന്ന് അറിയാം. ഉള്ളടക്കം നോക്കിയാൽ വലുതായൊന്നുമില്ലെങ്കിലും അദ്ദേഹത്തിൻറെ പ്രകടനം ഗംഭീരമാണ്”, ചിത്രം കണ്ടതിനു ശേഷം കേശവ് പ്രസാദ് മൌര്യ പിടിഐയോട് പറഞ്ഞു.

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായിരിക്കുകയാണ് ജയിലർ. ആദ്യ വാരത്തിൽ 375.40 കോടി രൂപ ചിത്രം നേടിയതായാണ് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചത്. കേരളത്തിലും വലിയ കളക്ഷനാണ് ചിത്രത്തിന്. മോഹൻലാലിൻറെ അതിഥി വേഷവും വിനായകൻറെ പ്രതിനായക വേഷവും മലയാളികൾക്ക് ചിത്രത്തോട് താൽപര്യക്കൂടുതൽ സൃഷ്ടിച്ച ഘടകങ്ങളാണ്.

Share
അഭിപ്രായം എഴുതാം