ഡ്യുറാൻഡ് കപ്പിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സി യെ നേരിടും കിക്കോഫ് വൈകിട്ട് 6ന്

കൊൽക്കത്ത ∙ ഇന്ത്യൻ ഫുട്ബോളിലെ ‘എൽ ക്ലാസിക്കോ’ എന്നറിയപ്പെടുന്നത് മോഹൻ ബഗാൻ–ഈസ്റ്റ് ബംഗാൾ മത്സരമായിരിക്കാം; പക്ഷേ സമീപകാല ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വീര്യമേറിയ മത്സരം മറ്റൊന്നാണ്: കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പടയും ബെംഗളൂരു എഫ്സിയുടെ നീലപ്പടയും തമ്മിൽ മൈതാനത്തും ഗാലറിയിലും ആവേശം തുടിക്കുന്ന പോരാട്ടം. ഡ്യുറാൻഡ് കപ്പ് ഫുട്ബോളിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഇരുടീമുകളും തമ്മിൽ ഇന്ന് ഏറ്റുമുട്ടുമ്പോൾ മറക്കാനാവാത്ത ഒരു തോൽവിയുടെ കനൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിൽ നീറുന്നുണ്ട്. കഴിഞ്ഞ വർഷം ഐഎസ്എൽ പ്ലേഓഫിൽ സുനിൽ ഛേത്രിയുടെ വിവാദഗോളിൽ ബ്ലാസ്റ്റേഴ്സ് പുറത്തായ മത്സരം.

ഗോൾ അംഗീകരിക്കാതെ മൈതാനം വിട്ട ബ്ലാസ്റ്റേഴ്സിന് വിലക്കും പിഴയും കിട്ടിയതും ഒടുവിൽ ടീം ക്ഷമാപണം നടത്തിയതുമെല്ലാം മഞ്ഞപ്പടയുടെ ആരാധകരുടെ മനസ്സിലെ നോവാണ്. പകരം വീട്ടാൻ പിന്നീട് കോഴിക്കോട്ടു നടന്ന സൂപ്പർ കപ്പിൽ അവസരം കിട്ടിയെങ്കിലും അതിൽ സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ നിന്നു പുറത്തായി. കണക്കു തീർക്കാൻ ബ്ലാസ്റ്റേഴ്സിന് ഇന്ന് ഒരു ചാൻസ് കൂടി. കൊൽക്കത്ത കിഷോർ ഭാരതി ക്രീരംഗനിൽ വൈകിട്ട് ആറിനാണ് മത്സരത്തിനു കിക്കോഫ്. സോണി സ്പോർട്സ് ചാനലുകളിൽ തൽസമയം. പരസ്പരവൈരം മാറ്റിനിർത്തിയാലും ബ്ലാസ്റ്റേഴ്സിനും ബെംഗളൂരുവിനും ഈ മത്സരം നിർണായകമാണ്. സി ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്സിയോടു തോറ്റ ബ്ലാസ്റ്റേഴ്സ് നിലവിൽ 4–ാം സ്ഥാനത്താണ്. ഇന്ത്യൻ എയർ ഫോഴ്സിനോടു സമനില വഴങ്ങിയ ബെംഗളൂരു 2–ാം സ്ഥാനത്തും. ഗ്രൂപ്പ് ജേതാക്കളും 6 ഗ്രൂപ്പുകളിൽ നിന്നുമായി ഏറ്റവും മികച്ച രണ്ട് 2–ാം സ്ഥാനക്കാരുമാണ് ക്വാർട്ടറിലേക്കു മുന്നേറുക. ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ തുടങ്ങുന്നതിനു മുൻപ് ആത്മവിശ്വാസത്തോടെ ഒരുങ്ങാൻ ബ്ലാസ്റ്റേഴ്സിനും ബെംഗളൂരുവിനും ഡ്യുറാൻഡ് കപ്പ് മുന്നേറ്റം നിർണായകം.

Share
അഭിപ്രായം എഴുതാം