രഞ്ജിത്തിനെതിരായ ആരോപണത്തിൽ സർക്കാർ ഇടപെടണമെന്ന് എ.ഐ.വൈ.എഫ്.സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ എ.ഐ.വൈ.എഫ് രം​ഗത്ത്. രഞ്ജിത്തിന്റേത് മാടമ്പി ശൈലിയെന്ന് എ.ഐ.വൈ. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു. രഞ്ജിത്ത് കുറ്റക്കാരാനെങ്കിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണം. സംവിധായകൻ വിനയൻ അവാർഡിന് പുറകെ പോകുന്ന ആളെന്ന കരുതുന്നില്ല. രഞ്ജിത്തിനെതിരായ ആരോപണത്തിൽ സർക്കാർ ഇടപെടണമെന്നും എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ആവശ്യപ്പെട്ടു.

ചലച്ചിത്ര പുരസ്കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടു എന്നതിന് തെളിവുണ്ടെങ്കിൽ സംവിധായകൻ വിനയന് നിയമപരമായി സമീപിക്കാമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വിനയന്റെ പക്കലുള്ള തെളിവ് ബന്ധപ്പെട്ടവരുടെ അടുത്ത് സമർപ്പിക്കട്ടെ എന്നും മന്ത്രി പറഞ്ഞു. കൊടുത്ത അവാർഡുകളെല്ലാം നൂറുശതമാനം അർഹതപ്പെട്ടതാണെന്നും വിനയന്റെ സിനിമയ്ക്ക് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ശ്രമിച്ചോ എന്ന് തനിക്ക് അറിയില്ലെന്നും കൂട്ടിച്ചേർത്തു.

വിനയന്റെ സംവിധാനത്തിലൊരുങ്ങിയ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തെ പുരസ്കാര നിർണയത്തിൽ നിന്ന് തടയാൻ രഞ്ജിത്ത് ഇടപെട്ടിരുന്നു എന്നാരോപിച്ച് വിനയൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. രഞ്ജിത്ത് ഈ വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിൽ തെളിവ് പുറത്തുവിടുമെന്നായിരുന്നു വിനയൻ പറഞ്ഞത്. എന്നാൽ പ്രതികരിക്കാൻ ചലച്ചിത്ര അക്കാ​ദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് തയ്യാറായിരുന്നില്ല. തുടർന്ന് നേമം പുഷ്പരാജിന്റെ ശബ്ദരേഖ വിനയൻ പുറത്തുവിടുകയായിരുന്നു.

Share
അഭിപ്രായം എഴുതാം