ഭീകരാക്രമണ കേസിലെ പ്രതിക്ക് യുഎന്നിൽ ചൈനയുടെ സംരക്ഷണം
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം നടത്തുന്ന സമയത്തു തന്നെയാണ് ഇന്ത്യയുടെ നിരന്തരമായ അഭ്യർഥന നിരാകരിച്ച് ചൈന ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്
ഭീകരാക്രമണ കേസിലെ പ്രതിക്ക് യുഎന്നിൽ ചൈനയുടെ സംരക്ഷണം

യുഎൻ: മുംബൈ ഭീകരാക്രമണ കേസിൽ പ്രതിയും ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്‌ബയുടെ കമാൻഡറുമായ സാജിദ് മിറിന് ഐക്യരാഷ്‌ട്ര രക്ഷാസമിതി യോഗത്തിൽ ചൈനയുടെ സംരക്ഷണം. ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യയും യുഎസും ചേർന്ന് അവതരിപ്പിച്ച പ്രമേയത്തെ ചൈന യുഎൻഎസ്‌സിയിൽ തടയുകയായിരുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം നടത്തുന്ന സമയത്തു തന്നെയാണ് ഇന്ത്യയുടെ നിരന്തരമായ അഭ്യർഥന നിരാകരിച്ച് ചൈന ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്.
ഈ വിഷയം സാങ്കേതികമായി തടഞ്ഞുവയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം. പാക്കിസ്ഥാനിൽ നിന്നുള്ള മറ്റൊരു ഭീകരവാദിയും എൽഇടി ഉപമേധാവിയുമായ അബ്‌ദുൾ റഹ്‌മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ ആദ്യം എതിർത്ത ചൈന പിന്നീട് എതിർപ്പ് പിൻവലിച്ചിരുന്നു.

സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തെ ചൈന ഇതുവരെ വീറ്റോ ചെയ്തിട്ടില്ല. അതിനിനി മൂന്നു മാസം കൂടി സമയം ബാക്കിയുണ്ട്. നിലവിൽ നിർദേശം തടഞ്ഞുവച്ച തീരുമാനത്തിനുള്ള ഇന്ത്യയുടെ മറുപടി പ്രധാനമന്ത്രി യുഎസിൽ നിന്നു തിരിച്ചെത്തിയ ശേഷമായിരിക്കും നൽകുക.

Share
അഭിപ്രായം എഴുതാം