പുൽപ്പള്ളി ബാങ്ക് തട്ടിപ്പ്: കോൺഗ്രസ് നേതാവ് കെ.കെ എബ്രഹാമിന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ്
വായ്പതട്ടിപ്പിനിരയായി കർഷകൻ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നടപടി

വയനാട്: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ എബ്രഹാമിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് റെയ്ഡ്. ഇതിനു പുറമേ മുൻ ബാങ്ക് സെക്രട്ടറി രമാദേവി, വായ്പ വിഭാഗം മേധാവി സജീവൻ കൊല്ലപ്പള്ളി എന്നിവരുടെ വീട്ടിലും റെയ്ഡ് നടന്നു.

വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. വായ്പതട്ടിപ്പിനിരയായി കർഷകൻ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നടപടി.

2016-17 കാലയളവിൽ ഏകദേശം 8 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്ന് കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കായിരുന്നു ചുമതല. സ്ഥലം പണയപ്പെടുത്തി രാജേന്ദ്രൻ 70000 രൂപയാണ് വായ്പ എടുത്തിരുന്നത്. ബാങ്ക് രേഖാപ്രകാരം രാജേന്ദ്രന് 40 ലക്ഷം രൂപ കുടിശ്ശികയുണ്ട്.

തുക തിരികെയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിൽ നിന്ന് നോട്ടീസ് കിട്ടിയപ്പോഴാണ് തട്ടിപ്പിരയായ വിവരം രാജേന്ദ്രൻ അറിയുന്നത്. പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നു. കെ.കെ. അബ്രഹാമിന്‍റെ നേതൃത്വത്തിൽ രാജേന്ദ്രന്‍റെ പേരിൽ വൻതുക കൈപ്പറ്റിയെന്നാണ് ബന്ധുക്കളടക്കം ആരോപിക്കുന്നത്.

Share
അഭിപ്രായം എഴുതാം