ഐഎൻഎസ് വിക്രാന്തിൽ യുദ്ധവിമാനത്തിന്റെ ആദ്യ രാത്രി ലാൻഡിങ് വിജയകരം.

കൊച്ചി : രാജ്യം തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ യുദ്ധവിമാനത്തിന്റെ ആദ്യ രാത്രി ലാൻഡിങ് വിജയകരം. 2024 മെയ് 24 ന് രാത്രിയാണ് റഷ്യൻ നിർമിത മിഗ് 29 കെ വിമാനം വിക്രാന്തിന്റെ റൺവേയിൽ പറന്നിറങ്ങിയത്. ഇന്ത്യൻ നാവികസേനയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നാഴികക്കല്ലാണിതെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും നാവികസേനയും ട്വീറ്റിലൂടെ അറിയിച്ചു. …

വിമാന വാഹിനികളുടെ റൺവേയിൽ രാത്രി യുദ്ധവിമാനങ്ങൾ ഇറക്കുന്നത് അതീവ ദുഷ്കരമാണ്. കപ്പലിലെ നാവിക സേനാംഗങ്ങളുടെയും നാവിക പൈലറ്റുമാരുടെയും മികവും പ്രഫഷനലിസവുമാണു രാത്രി ലാൻഡിങ് വിജയമാക്കിയതെന്നു നാവികസേന അറിയിച്ചു. ഫെബ്രുവരിയിലാണു വിക്രാന്തിൽ ആദ്യമായി യുദ്ധവിമാനങ്ങൾ ലാൻഡ് ചെയ്യിച്ചുള്ള പരീക്ഷണം വിജയകരമായി പൂ‍ർത്തിയാക്കിയത്. മിഗ് 29 വിമാനത്തിനു പുറമെ, തദ്ദേശ നിർമിത ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റും(എൽസിഎ–നാവികസേനാ പതിപ്പ്) അന്നു റൺവേയിൽ ഇറക്കിയിരുന്നു. ഇവ പറന്നുയർന്നുള്ള പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കി. ഗോവയ്ക്കും കർണാടകത്തിലെ കാർവാറിനും ഇടയിൽ അറബിക്കടലിൽ ഊർജിത പരീക്ഷണങ്ങളുമായി തുടരുകയാണ് ഐഎൻഎസ് വിക്രാന്ത്.

കാർവാർ നാവികത്താവളത്തിൽ സീ ബേഡ് പദ്ധതിയുടെ ഭാഗമായി വിമാന വാഹിനികൾക്കായി പ്രത്യേകം നിർമിച്ച കൂറ്റൻ ബെർത്തിലും ഒരാഴ്ച മുൻപു വിക്രാന്ത് ആദ്യമായി നങ്കൂരമിട്ടിരുന്നു. ഇതിനുശേഷമാണു കൂടുതൽ പരീക്ഷണ നിരീക്ഷങ്ങൾക്കായി ആഴക്കടലിലേക്കു പോയത്. …

Share
അഭിപ്രായം എഴുതാം